തിരുവനതപുരം: തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് സമാശ്വാസ നടപടികളുമായി കേരളാ പ്ലാന്റേഷന്‍ മെഡിക്കല്‍ അഡൈ്വസറി ബോര്‍ഡിന്റെ പ്രഥമ യോഗം. മേഖലയില്‍ രോഗം മൂലം ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ഏറെ സഹായകരമാകുന്ന വിപ്ലവകരമായ തീരുമാനങ്ങളാണ് തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു അഡീ.ചീഫ് സെക്രട്ടറി ടോം ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കൈക്കൊണ്ടത്. മേഖലയിലെ തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ നടപ്പാക്കുന്നതിന് പ്ലാന്റേഷന്‍ ലേബര്‍ ആക്ടിൽ സംസ്ഥാന ഭേദഗതി കൊണ്ടു വരുന്നതിനുള്ള തീരുമാനമാണ് ഇതില്‍ പ്രധാനം. ഇതിനായി കരട് ഭേദഗതി തയാറാക്കുന്നതിനും ബന്ധപ്പെട്ട തൊഴിലാളി-തൊഴിലുടമാ പ്രതിനിധികളുമായി തുടര്‍ ചര്‍ച്ചയ്ക്ക് നടപടികള്‍ സ്വീകരിക്കുന്നതിനും ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ആര്‍.പ്രമോദിനെ യോഗം ചുമതലപ്പെടുത്തി.
പ്ലാന്റേഷന്‍ മേഖലയില്‍ രോഗനിര്‍ണയം, സ്‌കാനിംഗ്, എംആര്‍ഐ, അല്‍ട്രാ സൗണ്ട് ഉള്‍പ്പെടെയുള്ള ആധുനീക ചികിത്സാ നിര്‍ണയങ്ങള്‍ക്ക് പ്ലാന്റേഷന്‍ മേഖലയിലെ ലിസ്റ്റ് ചെയ്തിട്ടുള്ള ആശുപത്രികളേയും തൊഴിലാളികള്‍ പരിശോധനകള്‍ക്കായി നിലവില്‍ ആശ്രയിക്കുന്ന മറ്റ് ചികിത്സാ കേന്ദ്രങ്ങളെയും മെഡിക്കല്‍ റീ ഇംബേഷ്‌സ്‌മെന്റിനായി ഉപയോഗപ്പെടുത്താം. ഇത്തരത്തില്‍ രോഗ പരിശോധനകള്‍ക്ക് ആവശ്യമായി വരുന്ന തുക പൂര്‍ണ്ണമായി റീ ഇംബേഴ്‌സ്‌മെന്റായി അപേക്ഷകര്‍ക്ക് നല്‍കുന്നതിനുള്ള നിര്‍ദേശം ഉപദേശക സമതി തത്വത്തില്‍ അംഗീകരിച്ചു. ലിസ്റ്റ് ചെയ്യപ്പെടാത്ത ആശുപത്രികളിലെ ചികിത്സയ്ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് മാനദണ്ഡമാക്കി തൊഴിലാളികള്‍ക്ക് തുക നല്‍കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഉപദേശക സമിതി തീരുമാനിച്ചു. തോട്ടം മേഖലകളിലെ ആശുപത്രികളില്‍ സൂക്ഷിക്കേണ്ട ഔഷധങ്ങള്‍, മറ്റ് സജ്ജീകരണങ്ങള്‍ എന്നിവ സംബന്ധിച്ച് ഒരു മാസത്തിനുള്ളില്‍ പുതുക്കിയ ലിസ്റ്റ് തയാറാക്കി സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി.
യോഗത്തില്‍ ലേബര്‍ കമ്മീഷണര്‍ കെ.ബിജു, അഡീഷണല്‍ സെക്രട്ടറി എ.കെ.മോഹനകുമാര്‍, ഡോ.എ.പി.പാര്‍വ്വതി വിവിധ തൊഴിലാളി യൂണിയന്‍ പ്രതിനിധിക ളും പങ്കെടുത്തു.