തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിലെ മാർഗതടസ്സമുണ്ടാക്കുന്ന സമരങ്ങളെക്കണ്ട് പരിചയിച്ച് പരിതപിച്ച യാത്രക്കാർ ഇന്ന് അവകാശത്തിനു വേണ്ടിയുള്ള വേറിട്ടൊരു സമരമാണ് കണ്ടത്. കൊറിക്കാൻ കടലപ്പൊതി വച്ചുനീട്ടുന്ന യുവതി യുവാക്കളുടെ അർഹതപ്പെട്ട തൊഴിൽ നിഷേധത്തിന്റെ സമരം. പി എസ് സി 10 മാസങ്ങൾക്ക് മുൻപ് അയച്ച അഡ്വൈസ് മെമ്മോയുടെ കോപ്പിയിൽ കടല പൊതിഞ്ഞു നൽകിയാണ് അവർ പ്രതിഷേധത്തിന് ശക്തിപകർന്നത്. ഈ മെമ്മോ കൈപ്പറ്റി നിയമനം ലഭിക്കാത്ത 4051 റിസേർവ് കണ്ടക്ടർമാരാണ് ഇന്ന് തലസ്ഥാനത്ത് ഒത്തുകൂടി പ്രതിഷേധ ധർണ നടത്തിയത്. മെമ്മോ ലഭിച്ചാൽ മൂന്നുമാസത്തിനകം നിയമനം നല്കണമെന്നിരിക്കെ 10 മാസാമായിട്ടും കെ എസ് ആർ ടി സി ഇവരിലാരെയും നിയമിച്ചിട്ടില്ല. ഇപ്പോഴുള്ള 4263 താത്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ട് തങ്ങളെ നിയമിക്കണമെന്നാണ് ഇവരുടെ ആവിശ്യം. മെമ്മോയ്ക്ക് കടല പൊതിയാനുള്ള കടലാസിന്റെ വിലമാത്രമേയുള്ളുവെന്ന് കാട്ടാനും തങ്ങളുടെ പുതിയ ഉപജീവനമാർഗം ഇനി ഇതാകാം എന്ന് കാട്ടാനുമാണ് തങ്ങൾ കടല വിതരണം നടത്തിയതെന്ന് സമരക്കാർ പറഞ്ഞു.