ന്യൂദല്‍ഹി: 201-18ലേക്കുള്ള ബജറ്റ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെ അവതരിപ്പിച്ചു. അന്തരിച്ച ഇ.അഹമ്മദിന് ആദാരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ബജറ്റ് അവതരണം തുടങ്ങിയത്. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പത്ത് ലക്ഷം കോടി രൂപ കാര്‍ഷിക വായ്പയായി നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
കാര്‍ഷിക മേഖല 4.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് കരുതുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കും. ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 5,000 കോടി മാറ്റിവയ്ക്കും. കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ സ്ഥാപിക്കും. ക്ഷീര വികസന പദ്ധതികള്‍ക്കായി 8,000 കോടി രൂപ ചെലവഴിക്കും.
ഗ്രാമീണ വികസനത്തിന് ഊന്നല്‍ നല്‍കിയാകും കേന്ദ്രം പദ്ധതികള്‍ ആവിഷ്‌കരിക്കും. 2017ല്‍ അതിവേഗം വികസിക്കുന്ന സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറും. 2017ല്‍ ഇന്ത്യയുടെ വളര്‍ച്ച 3.4ശതമാനമാണെന്ന് ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ജാര്‍ഖണ്ഡിനും ഗുജറാത്തിനും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അനുവദിച്ചു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന പരീക്ഷകള്‍ നടത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി രൂപീകരിക്കും. സ്വയം ഭരണാധികാര സ്ഥാപനമായിട്ടാകും പ്രവര്‍ത്തിക്കുക. പ്രവേശന പരീക്ഷകള്‍ നടത്തുകയും ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതും ഈ ഏജന്‍സിയായാണ്.
മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ളവരുടെ ആദായനികുതി ഒഴിവാക്കി. 2.5 ലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം വരെ വരുമാനമുള്ളവര്‍ അഞ്ചു ശതമാനം മാത്രം നികുതി നല്‍കിയാല്‍ മതിയാകും. പത്തു ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനത്തിലേക്കാണ് ഈ ഇളവ്. അതേസമയം, 50 ലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തി. അഞ്ചു ലക്ഷം രൂപ വരെ മാത്രം വരുമാനമുളളവര്‍ക്ക് ഒറ്റ പേജില്‍ ലളിതമായി ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കും. 4.5 ലക്ഷം വരെയുള്ള വരുമാനത്തില്‍ വിവിധ ഇനങ്ങളില്‍ ഇളവിന് അര്‍ഹതയുളളവര്‍ക്ക് നികുതി ഒഴിവാക്കും. എല്ലാ വരുമാനക്കാര്‍ക്കും 12,500 രൂപവരെ നികുതി കുറയും.
രാഷ്ട്രീയപാര്‍ട്ടികള്‍ സംഭാവനകള്‍ വാങ്ങുന്നതില്‍ കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരാളില്‍ നിന്ന് നേരിട്ട് പണമായി സ്വീകരിക്കാവുന്ന പരമാവധി തുക രണ്ടായിരം രൂപ മാത്രമായിരിക്കും. അതിനു മുകളിലുള്ള തുക രാഷ്ട്രീയ പാര്‍ട്ടികള്‍ ചെക്കായോ ഡിജിറ്റല്‍ പണമായോ വേണം സംഭാവനകള്‍ സ്വീകരിക്കാനെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു.