ന്യൂഡല്‍ഹി:തൊഴില്‍ നിയമ ഭേദഗതികള്‍ക്കും പ്രതിരോധം, ഇന്‍ഷുറന്‍സ്, റയില്‍വേ തുടങ്ങിയ മേഖലകളിലെ വിദേശ മുതല്‍മുടക്കിനും മറ്റുമെതിരെ 10 തൊഴിലാളി യൂണിയനുകള്‍ നേതൃത്വം നല്‍കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി . ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്,
സിഐടിയു, എഐയുടിയുസി, ടിയുസിസി, എസ്ഇഡബഌുഎ, എഐസിസിടിയു, യുടിയുസി,
എല്‍പിഎഫ് എന്നിവയാണു പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്–ഇന്‍ഷുറന്‍സ്–തപാല്‍–ബിഎസ്എന്‍എല്‍ ജീവനക്കാരുടെയും സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
എല്ലാ തൊഴിലാളികളുടെയും മിനിമം കൂലി പ്രതിമാസം 15,000 രൂപയാക്കുക,
വിലക്കയറ്റം തടയുക, പൊതുമേഖലയെ സംരക്ഷിക്കുക, അസംഘടിത മേഖലയിലെ
തൊഴിലാളികള്‍ക്കു സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍
ഉന്നയിച്ചാണു പണിമുടക്ക്.പണിമുടക്ക് ഒഴിവാക്കാന്‍ കേന്ദ്ര മന്ത്രിമാരുടെ സംഘം യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പണിമുടക്കിനു ഡയസ്‌നോണ്‍ ബാധകമാക്കിയ സംസ്ഥാന സര്‍ക്കാര്‍, സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്കു സംരക്ഷണം നല്‍കാന്‍ കലക്ടര്‍മാരും വകുപ്പു തലവന്മാരും നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. സമരത്തില്‍ പങ്കെടുക്കുന്നവരുടെ ഈ ദിവസത്തെ വേതനം ഒക്ടോബര്‍ ശമ്പളത്തില്‍ നിന്നു തടഞ്ഞുവയ്ക്കും. മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിക്കു ഹാജരാകാതിരിക്കുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിടാനും നിര്‍ദേശമുണ്ട്.
റയില്‍വേ യൂണിയനുകളൊന്നും പണിമുടക്കില്‍ പങ്കെടുക്കുന്നില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. പണിമുടക്കില്‍നിന്നു പിന്‍മാറിയതായി ഭാരതീയ മസ്ദൂര്‍ സംഘിന്റെ ദേശീയ നേതൃത്വം വ്യക്തമാക്കി. യൂണിയനുകള്‍ ഉന്നയിച്ച 12 ആവശ്യങ്ങളില്‍ പലതും സര്‍ക്കാര്‍ അംഗീകരിച്ചെന്നും നടപ്പാക്കാന്‍ ആറു മാസം സമയം നല്‍കണമെന്നും വ്യക്തമാക്കിയാണ് ബിഎംഎസ് പണിമുടക്കില്‍ നിന്നു പിന്‍മാറിയത്.