NEWS20/09/2015

പ്ലാസ്റ്റിക് രഹിത ശബരിമല പദ്ധതി കൂടുതല്‍ ഊര്‍ജ്ജിതമാക്കും

ayyo news service
തിരുവനന്തപുരം:പത്തനംതിട്ട ജില്ലാ ഭരണകൂടവും ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ പ്ലാസ്റ്റിക് രഹിത ശബരിമല പ്രോജക്ട് കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പ്ലാസ്റ്റിക് രഹിത ശബരിമലയുടെ ഭാഗമായി ളാഹയിലും, കരിമലയിലും വാഹനങ്ങള്‍ വഴി കുടുംബശ്രീയുടേയും വനം വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തിയ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷവും തുടരും. ഇപ്രകാരം ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പദ്ധതി നടപ്പാക്കാന്‍ ശുചിത്വമിഷനെ ചുമതലപ്പെടുത്തി.

വനംവകുപ്പിന്റെ നേതൃത്വത്തില്‍ നാല്‍പ്പത് സ്ഥലങ്ങളിലായി 76 ഇക്കോഗാര്‍ഡുമാരെ നിയമിച്ചത് ഈ വര്‍ഷം ദേവസ്വം ബോര്‍ഡിന്റെ സഹായത്തോടെ തുടരാന്‍ യോഗം തീരുമാനിച്ചു. ഇക്കോ ഗാര്‍ഡുമാരുടെ എണ്ണം കൂട്ടുന്ന കാര്യം പരിശോധിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടുപയോഗിച്ച് കഴിഞ്ഞവര്‍ഷം ആറുഭാഷകളില്‍ പ്ലാസ്റ്റിക് രഹിത സന്ദേശങ്ങളടങ്ങിയ റിഫഌീവ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഈ ബോര്‍ഡുകളില്‍ ഈ വര്‍ഷം പുതിയ സന്ദേശങ്ങള്‍ നല്‍കാനും, പെട്രോള്‍ പമ്പുകള്‍ വഴി കഴിഞ്ഞവര്‍ഷം നടത്തിയ ബോധവല്‍കരണ ക്യാമ്പയിനുകള്‍ കൂടുതല്‍ പമ്പുകളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചു.

ശബരിമലയിലേക്കുള്ള പ്രധാന റോഡുകളില്‍ ഉള്ള പെട്രോള്‍ പമ്പുകള്‍ വഴി പ്ലാസ്റ്റിക് രഹിത ശബരിമല പ്രോജക്ടിന്റെ ഭാഗമായി സന്ദേശം നല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ശബരിമലയില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണമെന്ന സന്ദേശം നല്‍കാന്‍ കൂടുതല്‍ വീഡിയോ സ്‌ക്രീനുകള്‍ സ്ഥാപിക്കാനും അഞ്ച് പ്ലാസ്റ്റിക് എക്‌സ്‌ചേഞ്ച് കൗണ്ടറുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. ദേവസ്വം ബോര്‍ഡിന്റെ അനൗണ്‍സ്‌മെന്റ് സിസ്റ്റം വഴി പ്ലാസ്റ്റിക് രഹിത ശബരിമല സംബന്ധിച്ച സന്ദേശം മുഴുവന്‍ സമയവും നല്‍കാനും ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള ഇടത്താവളങ്ങളില്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് പ്ലാസ്റ്റിക് രഹിത ശബരിമല ക്യാമ്പയിനു വ്യാപിപ്പിക്കാനും ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സഞ്ചരിക്കുന്നവര്‍ക്ക് പ്ലാസ്റ്റിക് ഉപേക്ഷിക്കണമെന്ന സന്ദേശങ്ങള്‍ അടങ്ങിയ ലഘു ലേഖകള്‍ കഴിഞ്ഞവര്‍ഷം നല്‍കിയത് ഈ വര്‍ഷം കൂടുതല്‍ ബസുകളിലേക്ക് വ്യാപിപ്പിക്കുവാനും തീരുമാനിച്ചു. ബസുകളില്‍ സഞ്ചരിക്കുന്നവരില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വാങ്ങി പകരം തുണിസഞ്ചികള്‍ നല്‍കുന്നത് ശബരിമല തീര്‍ത്ഥാടനകാലം മുഴുവന്‍ ചെയ്യാനും, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനുകള്‍ വഴി ബോധവല്‍കരണ പരിപാടികള്‍ ഊര്‍ജ്ജിതപ്പെടുത്താനും ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.

പ്ലാസ്റ്റിക് രഹിത ശബരിമല പ്രോജക്ടിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം പമ്പയില്‍ ഒരു പ്ലാസ്റ്റിക് എക്‌സ്‌ചേഞ്ച് തുടങ്ങിയിരുന്നു. ഇത്തരം സംരംഭങ്ങള്‍ തുടങ്ങാന്‍ വിവിധ ബാങ്കുകള്‍ തയ്യാറാണെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ ബാങ്കുകളുമായി ചര്‍ച്ച നടത്താമെന്നും യോഗത്തില്‍ പങ്കെടുത്ത് എസ്.എല്‍.ബി.എസി ചെയര്‍മാന്‍ അറിയിച്ചു. പോലീസിന്റെ വെര്‍ച്വല്‍ ക്യു വഴി പ്ലാസ്റ്റിക് രഹിത ശബരിമല ക്യാമ്പയിന്‍ തുടരാനും യോഗം തീരുമാനിച്ചു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്ലാസ്റ്റിക് രഹിത ശബരിമല പ്രോജക്ടിന് കൂടുതല്‍ പ്രചാരണം നല്‍കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.

ശബരിമലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുവരുന്നത് കുറയ്ക്കണമെന്ന സന്ദേശം അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ഗുരുസ്വാമിമാരില്‍ എത്തിക്കാനും തീരുമാനമായി. ബാംഗ്ലൂര്‍, ഹൈദ്രാബാദ്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ഗുരുസ്വാമിമാരുടെ യോഗം വിളിച്ച് പ്ലാസ്റ്റിക് രഹിത ശബരിമല ബോധവല്‍ക്കകരണം കൂടുതല്‍ തീര്‍ത്ഥാടകരില്‍ എത്തിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു.

ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം തുടങ്ങിയ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് രഹിത ശബരിമല പ്രോജക്ടിന്റെ ഭാഗമായി പ്ലാസ്റ്റിക് എക്‌സ്‌ചേഞ്ചുകള്‍ തുടങ്ങാനും റെയില്‍വേ അനൗണ്‍സ്‌മെന്റ് സംവിധാനം വഴി ബോധവല്‍ക്കരണം വ്യാപിപ്പിക്കാനും റെയില്‍വേ കോച്ചുകള്‍ വഴി സന്ദേശം നല്‍കാനും തീരുമാനമായി.

ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ദേവസ്വം കമ്മീഷണര്‍, പത്തനംതിട്ട കളക്ടര്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍, പത്തനംതിട്ട അസിസ്റ്റന്റ് കളക്ടര്‍, ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ, കോട്ടയം അസിസ്റ്റന്റ് കളക്ടര്‍, എസ്.എല്‍.ബ.സി ചെയര്‍മാന്‍, വനം, ആരോഗ്യം, വാഹന ഗതാഗതം, കെ.എസ്.ആര്‍.ടി.സി, കുടുംബശ്രീ തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 


Views: 1547
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024