തിരുവനന്തപുരം: സിനിമ മേഖലയില്‍ നിയമനിർമ്മാണം ഉടൻ ഉണ്ടാകുമെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലൻ . മാറ്റപ്പെടേണ്ട ചില പ്രവണതകളുണ്ട്. കോടികള്‍ ചെലവഴിച്ച് ചെയ്യുന്ന പടം പാതിയില്‍ മുടങ്ങുന്നുണ്ട്. നിര്‍മ്മാതാവ് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാകുന്നു. ഇത്തരത്തിലുള്ള പ്രവണതകള്‍ തടയാന്‍ സമഗ്ര നിയമ നിര്‍മ്മാണം ആവശ്യമാണ്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണമുണ്ടാവുമെന്ന് വി. ജെ. ടി ഹാളില്‍ ചലച്ചിത്രമേളയുടെ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു . തൃശൂര്‍ കേന്ദ്രമാക്കി സ്ഥിരം നാടകവേദിയും ആലോചിക്കുന്നു. സ്‌കൂള്‍കുട്ടികള്‍ക്കായി കള്‍ച്ചറല്‍ ടൂര്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും. പാലക്കാടും തലശേരിയിലും ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങുകള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എന്നാല്‍ ഇത്രയും വിപുലമായ സദസില്‍ ചടങ്ങ് നടത്തേണ്ടതില്ലെന്ന ചില അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. പതിനായിരങ്ങളെ സാക്ഷിയാക്കി അവാര്‍ഡ് വാങ്ങുമ്പോള്‍ ഒരു പ്രതിഭയ്ക്ക് ലഭിക്കുന്ന അനുഭൂതി വേണ്ടെന്ന് വയ്‌ക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.