തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ഫാര്‍മസികള്‍, സ്‌കാനിംഗ് സെന്ററുകള്‍, എക്‌സ്‌റേ യൂണിറ്റുകള്‍, ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്കുള്ള കുറഞ്ഞ വേതനം സംബന്ധിച്ച് സര്‍ക്കാര്‍ പ്രാഥമിക വിജ്ഞാപനമായി.
ജീവനക്കാരെ എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. ആശുപത്രികളെ കിടത്തി ചികിത്സിക്കുന്നവയെന്നും കിടക്കകളുടെ എണ്ണം അനുസരിച്ചും തരംതിരിച്ചിട്ടുണ്ട്. നഴ്‌സസ് മാനേജര്‍മാര്‍ക്ക് 22650, നഴ്‌സിംഗ് സൂപ്രണ്ട് 22090, അസി. നഴ്‌സിംഗ് സൂപ്രണ്ട് 21550, ഹെഡ് നഴ്‌സ് 21020, ട്യൂട്ടര്‍ നഴ്‌സ് / ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ 20550, സ്റ്റാഫ് നഴ്‌സ് 20000, എ.എന്‍.എം. ഗ്രേഡ് 1 18570, എ.എന്‍.എം. ഗ്രേഡ് 2 17680 എന്നിങ്ങനെയാണ് നഴ്‌സിംഗ് വിഭാഗത്തിന്റെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.
വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ രണ്ട് മാസം തികയുന്ന തീയതിക്കോ അതിനുശേഷമോ നിര്‍ദേശങ്ങള്‍ പരിഗണനയ്‌ക്കെടുക്കും. ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിക്കും. ഇവ അഡീഷണല്‍ ചീഫ് സെക്രട്ടറി, തൊഴിലും നൈപുണ്യവും (ഇ) വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ നല്‍കണം.