തിരുവനന്തപുരം:സമീപകാലത്ത് കേരളത്തിലുണ്ടായ ആനവേട്ടയും, ആന്ധ്രപ്രദേശിലെ രക്തചന്ദനം കള്ളക്കടത്തും സംഘടിത ക്രിമിനല്‍ സംഘങ്ങള്‍ വനമേഖലയില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നതിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉത്കണ്ഠാജനകമായ സ്ഥിതിവിശേഷത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് പ്രത്യാഘാതം സൃഷ്ടിക്കുന്ന ഈ സ്ഥിതിവിശേഷം നേരിടാന്‍ സംസ്ഥാനങ്ങളുടെ യോജിച്ച നീക്കം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ദക്ഷിണേന്ത്യന്‍ വനം വകുപ്പ് മന്ത്രിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊള്ളയ്ക്കായി തദ്ദേശീയരെയാണ് വനം കൊള്ളക്കാര്‍ ഉപയോഗിക്കുന്നത്. വനംസംരക്ഷണം ശക്തിപ്പെടുത്തിയും തദ്ദേശീയരായ ജനവിഭാഗങ്ങളുടെ സാമൂഹ്യസാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയും വേണം ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ . അനധികൃത മരംവെട്ട്, കഞ്ചാവ് കൃഷി, മൃഗവേട്ട തുടങ്ങി അനവധി ഭീഷണികള്‍ക്ക് വിധേയമാണ് നമ്മുടെ വനങ്ങള്‍. സംസ്ഥാനങ്ങള്‍ക്കിടയില്‍ തുടര്‍ച്ചയായി കിടക്കുന്ന വനത്തിലൂടെ സ്വതന്ത്രമായാണ് മൃഗങ്ങള്‍ സഞ്ചരിക്കുന്നത്. മെച്ചപ്പെട്ട അന്തര്‍സംസ്ഥാന ഏകോപനമില്ലെങ്കില്‍ ഇവ വേട്ടയ്ക്കും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും എളുപ്പത്തില്‍ വിധേയമാകും. എന്‍.എച്ച്. 212 ലൂടെയുള്ള രാത്രിയാത്രയ്ക്ക് കര്‍ണാടകം ഏര്‍പ്പെടുത്തിയ നിരോധനം വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ വന സമ്പത്തിന് ദോഷം വരാത്ത വിധത്തില്‍ ഇക്കാര്യത്തില്‍ പ്രശ്‌നപരിഹാരമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ വൈല്‍ഡ് ലൈഫ് െ്രെകം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് സമാനമായ രീതിയില്‍ പ്രാദേശിക െ്രെകം കണ്‍ട്രോള്‍ ബ്യൂറോ രൂപീകരിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒരുമിക്കണമെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ഈ സംവിധാനത്തിലൂടെ ദക്ഷിണേന്ത്യന്‍ വന സമ്പത്തിനും വന്യജീവികള്‍ക്കുമെതിരായ എല്ലാ ഭീഷണികളും പരിശോധിക്കാനും പരസ്പരമറിയിക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആന്ധ്രപ്രദേശ് വനം വകുപ്പ് മന്ത്രി ബി.ഗോപാലകൃഷ്ണ റെഡ്ഡി, കര്‍ണാടക വനംവകുപ്പ് മന്ത്രി ബി.രാമനാഥ് റായ്, തെലങ്കാന വനംവകുപ്പ് മന്ത്രി ജോഗു രാമണ്ണ, സംസ്ഥാന വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.മാരപാണ്ഡ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.