തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഏജീസ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സാധാരണ ജനവിഭാഗത്തിനും കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഒട്ടും ഗുണകരമല്ലാത്തതാണ് കേന്ദ്ര ബജറ്റെന്നും വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ നികുതിയിളവ് നല്‍കുന്ന ബജറ്റ് രാജ്യത്ത് വിലക്കയറ്റം വര്‍ദ്ധിപ്പിക്കുമെന്നും ആദായനികുതി പരിധി വര്‍ദ്ധിപ്പിക്കാത്ത കേന്ദ്ര ബജറ്റ് നിരാശാജനകമാണെന്നും പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്. ബിജു പറഞ്ഞു. ജി.എസ്.ടിയുടെയും നോട്ട് നിരോധനത്തിന്റെയും ആഘാതം കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങളൊന്നും മുന്നോട്ടു വയ്ക്കാത്ത നരേന്ദ്രമോദി ഗവണ്‍മെന്റിന്റെ ബജറ്റ് ജനങ്ങള്‍ തള്ളിക്കളയുമെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടി.കെ. അഭിലാഷ്, സെക്രട്ടറി സുധികുമാര്‍ എസ്, ടി. ജയറാം, അനുപമ എസ്., ജ്യോതിലക്ഷ്മി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.