തിരുവനന്തപുരം : കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് എകെഎസ്ടിയു നേതൃത്തില്‍ സെക്രട്ടേറിയറ്റ് നടയിലേക്ക് വായ്മൂടിക്കെട്ടി പ്രകടനവും തുടര്‍ന്ന് ഫാസിസ്റ്റ് വിരുദ്ധ സംഗമവും നടത്തി. മലയാള ഭാഷയ്ക്കും സംസ്‌കാരത്തിനും സമഗ്ര സംഭാവന നല്‍കിയ കുരീപ്പുഴ ശ്രീകുമാര്‍ ജാതി ചിന്തയ്‌ക്കെതിരെ നിശിതമായി വിമര്‍ശിച്ചതിനാണ് അദ്ദേഹത്തെ കൈയേറ്റം ചെയ്യാന്‍ കഴിഞ്ഞദിവസം ചിലയാളുകള്‍ ശ്രമിച്ചതെന്നും കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിനു വേണ്ടി ഏറ്റവും ശക്തമായി നിലകൊള്ളുന്ന അദ്ദേഹത്തിനെതിരെ നടന്ന ആക്രമണം അപലപനീയമാണെന്നും പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് എകെഎസ്ടിയു ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍ പറഞ്ഞു. എകെഎസ്ടിയു നേതാക്കളായ കെ. ബുഖാരി, എസ്. സതീഷ്‌കുമാര്‍, ജോര്‍ജ് രത്‌നം, എസ്.എസ്.അനോജ്, എഫ്. വില്‍സണ്‍, ബിജു പേരയം, ഡി. സന്ധ്യാദേവി എന്നിവര്‍ പങ്കെടുത്തു.