തിരുവനന്തപുരം: വ്യവസായശാലകളിലെ തൊഴില്‍ജന്യ രോഗങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തി തടയുന്നതിന് ഫാക്ടറി നിയമത്തില്‍ ഭേദഗതി വരുത്തുന്നത് പരിഗണനയിലാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ വെബ് അധിഷ്ഠിത പരിശോധനാ സംവിധാനത്തിന്റെ (വെബ് എനേബിള്‍ഡ് റിസ്‌ക് വെയിറ്റഡ് ഇന്‍സ്‌പെക്ഷന്‍ സ്‌കീം) ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഫാക്ടറികള്‍ അപകടതീവ്രതയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടുത്തിയ ടാബ്‌ലറ്റുകളുടെ സഹായത്തോടെ ഇ-ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥര്‍ക്കുള്ള ടാബ്‌ലറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു.
പുതിയ സംവിധാനത്തിലൂടെ പരിശോധന നടത്തുന്ന സമയത്ത് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളിലൂടെ ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഫാക്ടറി ഉടമയുടേയും തൊഴിലാളികളുടേയും സാന്നിധ്യത്തില്‍ ഫാക്ടറിയില്‍വെച്ചു തന്നെ തയാറാക്കാനാകും. ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.