കൊച്ചി: ഇപ്പോള്‍ ചെലവ് 15% വര്‍ധിക്കുമ്പോള്‍ 10% മാത്രമാണ് നികുതി വരുമാനം വര്‍ധിക്കുന്നത്. ഈ നികുതി ചോര്‍ച്ച തടയാന്‍ ചരക്ക് സേവന നികുതി വഴി സാധിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ നാല് വര്‍ഷത്തിനുള്ളില്‍ കമ്മി ഇല്ലാതാകുമെന്നും പ്രതീക്ഷിക്കാം. ഉപഭോഗ സംസ്ഥാനമായതിനാല്‍ ഉപഭോഗം നടക്കുന്ന സ്ഥലത്താണ് നികുതി വരിക. അതിനാല്‍ നികുതി വരുമാനം ഇരുപത് ശതമാനത്തോളം വര്‍ധിക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ജിഎസ്ടി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരക്ക് സേവന നികുതി നടപ്പാക്കുമ്പോള്‍ കേരളത്തില്‍ എന്‍ഐസിയുടെ സഹകരണത്തോടെ ജിഎസ്ടി ബൈക്ക് എന്‍ഡ് മൊഡ്യൂള്‍ സോഫ്റ്റ്‌വെയര്‍ സൗജന്യമായി ലഭ്യമാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നും ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കാന്‍ ജിഎസ്ടി കണ്‍സള്‍ട്ടന്റ് കൗണ്‍സില്‍ സെല്ലും ജില്ലാടിസ്ഥാനത്തില്‍ കൂട്ടായ്മകളും നടത്തുമെന്ന് മന്ത്രി അറിയിച്ചു.
നികുതിക്ക് മേലുള്ള നികുതി ഒഴിവായി ഒറ്റ നികുതി ഏര്‍പ്പെടുത്തുന്നതോടെ നികുതി ഘടനയിലെ സങ്കീര്‍ണ്ണതകള്‍ ഒഴിവാകും. 85% ചരക്കുകളുടെയും നികുതി കുറഞ്ഞിരിക്കുകയാണ്. ജിഎസ്ടി നടപ്പാകുന്നതോടെ ബില്‍ എഴുത്ത് ശക്തമാകും. കാരണം മുന്‍പ് ചരക്കിന് നികുതി നല്‍കിയതാണെന്ന് കാണിച്ചാല്‍ മാത്രമേ ഓരോ ഘട്ടത്തിലുമുള്ള നികുതി കിഴിവ് ലഭിക്കുകയുള്ളൂ. ഇതുവഴി ബില്‍ എഴുത്തും നികുതിയടവും ഓരോ കച്ചവടക്കാരന്റെയും ബാധ്യതയായി മാറുകയാണ്. നികുതി അടവിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുമ്പോള്‍ നികുതി വരുമാനത്തിലെ ചോര്‍ച്ച ഒഴിവാക്കാനാകും. ആദ്യഘട്ടം മുതല്‍ നികുതിയിളവ് ലഭിക്കുന്നതിനാല്‍ കയറ്റുമതി രംഗത്തെ മത്സര ശേഷി വര്‍ധിക്കും, സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അതിര്‍ത്തികള്‍ ഇല്ലാതാകും, നിക്ഷേപം എളുപ്പമാകും, രാജ്യത്തെ ഉത്പാദന വര്‍ധനവിന് കാരണമാകും. അസമത്വം വര്‍ധിക്കാന്‍ കാരണമാകുമെന്ന് ചരക്ക് സേവന നികുതിയുടെ ചില ദോഷവശങ്ങളായി മന്ത്രി ചൂണ്ടിക്കാട്ടി. ആഢംബര വസ്തുക്കള്‍ക്ക് നികുതി കുറയുകയും അവശ്യവസ്തുക്കള്‍ക്ക് നികുതി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. വിലക്കയറ്റമുണ്ടാകാനും സാധ്യതയുണ്ട്. എന്നാല്‍ 28% ആയിരുന്ന നികുതി 18% ആകുകയാണ് ചെയ്തതെങ്കിലും 14% ത്തില്‍ നിന്ന് 18 % ആയി വര്‍ധിച്ചെന്ന ധാരണയാണുള്ളത്. അതുകൊണ്ട് സൂക്ഷിച്ചില്ലെങ്കില്‍ വിലക്കയറ്റത്തിനു കാരണമാകും. നികുതി ഘടന പരിഷ്‌ക്കാരത്തിന്റെ നാലാം ഘട്ടമാണിത്.
കൊളോണിയല്‍ കാലത്ത് തുടങ്ങിയ ഭൂനികുതി സമ്പ്രദായത്തില്‍ നിന്നും ജിഎസ്ടിയിലെത്തുമ്പോള്‍ ഉദ്യോഗസ്ഥ കേന്ദ്രീകൃത നികുതി സംവിധാനത്തിന് അവസാനമാകുകയാണ്. നികുതി നിര്‍ണ്ണയം ഉദ്യോഗസ്ഥര്‍ വിവേചിച്ച് തീരുമാനിക്കുന്ന അവസ്ഥയില്‍ നിന്ന് നികുതി അടവ് ഓരോരുത്തരുടെയും ഉത്തരവാദിത്തമായി മാറുന്നുവെന്നതാണ് ജിഎസ്ടിയുടെ പ്രത്യേകത. സുദീര്‍ഘമായ നികുതി ചരിത്രത്തിലെ ഏറ്റവും സുപ്രധാന അധ്യായമാണിതെന്നും മന്ത്രി പറഞ്ഞു. നികുതി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ വിവേചനം അവസാനിക്കുന്നത് വ്യാപാരികള്‍ക്ക് ഏറെ ആശ്വസമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജലവിഭവ മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവേചനാധികാരം ഇല്ലാതാകുകയാണ്. തുടക്കത്തില്‍ ന്യൂനതകളും ബുദ്ധിമുട്ടുകളും പരിഹരിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിനു ശേഷം മന്ത്രിയും വ്യാപാരികളും നികുതി വിദഗ്ധരും പങ്കെടുത്ത പാനല്‍ ഡിസ്‌കഷനും നടന്നു.