ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധി(94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈ കാവേരി ആശുപത്രിയിരുന്നു അന്ത്യം. രക്തസമ്മർദം താഴ്ന്നതിനെത്തുടർന്നു രണ്ടാഴ്ച മുന്പാണ് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും അണുബാധയും മൂലം അതീവഗുരുതരാവസ്ഥയിലായിരുന്നു കരുണാനിധി. കഴിഞ്ഞ ദിവസം മുതൽ മരുന്നുകളോടു പ്രതികരിക്കാതെ വന്നതോടെ വരുന്ന 24 മണിക്കൂർ നിർണായകമാണെന്ന് ആശുപത്രി ബുള്ളറ്റിനിൽ അറിയിച്ചിരുന്നു. കരുണാനിധിയുടെ മക്കളായ എം.കെ.സ്റ്റാലിനും അഴഗിരിയും കനിമൊഴിയും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് മരണം സ്ഥിരീകരിക്കുന്നത്.
1924 ൽ നാഗപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയിൽ മുത്തുവേലരുടെയും മകനായാണ് കരുണാനിധി ജനിച്ചത്. ദക്ഷിണാമൂർത്തിയെന്നാണ് മാതാപിതാക്കൾ അദ്ദേഹത്തിനു നൽകിയ പേര്. മൂന്ന് ഭാര്യമാരായിരുന്നു കരുണാനിധിക്ക്. പത്മാവതി, ദയാലു അമ്മാൾ, രാജാത്തി അമ്മാൾ എന്നിവർ. മുത്തു, എം.കെ. അഴഗിരി, എം.കെ. സ്റ്റാലിൻ, തമിഴരശ്, സെൽവി, കനിമൊഴി എന്നിവരാണ് മക്കൾ. അരിവുനിധി, ദുരൈ ദയാനിധി, കായൽവിഴി, ഉദയനിധി സ്റ്റാലിൻ, സെന്താമരൈ എന്നിവരാണ് കൊച്ചുമക്കൾ.