തിരുവനന്തപുരം: പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവ എളുപ്പം ബാധിക്കുന്ന സ്ഥലങ്ങളില്‍ പുനരധിവാസം നടത്തണോയെന്നത് പ്രധാന പ്രശ്‌നമാണെന്നും അതേക്കുറിച്ച് സര്‍ക്കാര്‍ ആലോചന തുടങ്ങിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളുടെ ജീവനോപാധി ഉറപ്പുവരുത്തേണ്ടത് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രധാനഘടകമാണ്. ആഗസ്റ്റ് 30ന് നിയമസഭ ചേരുന്നുണ്ട്. ദുരന്തമുഖത്ത് സജീവമായി പ്രവര്‍ത്തിച്ച എം. എല്‍. എമാരുടെ അഭിപ്രായവും സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്ന അഭിപ്രായങ്ങളും കണക്കിലെടുത്താവും പുനര്‍നിര്‍മാണ രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കുക.
തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്തണം. ഇത്തരം വിഷയങ്ങള്‍ സൂക്ഷ്മമായ പരിശോധനയ്ക്കും ചര്‍ച്ചകള്‍ക്കും വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. വിവിധ മേഖലകളില്‍ നിന്ന് സര്‍ക്കാരിന് വലിയ തോതില്‍ സഹായം ലഭിക്കുന്നുണ്ട്. ലോകത്തെ വിവിധ ജനസമൂഹം സഹായവും പിന്തുണയുമായി രംഗത്തുണ്ട്. വിഭവസമാഹരണത്തിനൊപ്പം ഇവയെല്ലാം ചേരുമ്പോള്‍ ദുരന്തം മറികടക്കാനുള്ള സാമ്പത്തിക അടിത്തറ ഉണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ. നഴ്‌സറി കുട്ടികള്‍ മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍ വരെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ മുന്നോട്ടു വരുന്നു. എല്ലാവര്‍ക്കും പങ്കാളിത്തം ലഭിക്കുന്ന ഒരു കര്‍മ്മ പരിപാടിക്കാകും സര്‍ക്കാര്‍ രൂപം നല്‍കുകയെന്നു മുഖ്യമന്തി പറഞ്ഞു.