ഹവാന:ക്യൂബന്‍ വിപ്‌ളവനായകനും ലോകം കണ്ട ഏറ്റവും വലിയ വിപ്ലവ പോരാളിയുമായ ഫിദല്‍ കാസ്‌ട്രോ അന്തരിച്ചു.90 വയസായിരുന്നു. 1959 മുതല്‍ ആറുതവണ ക്യൂബയുടെ പ്രസിഡന്റായിരുന്നു. ക്യൂബന്‍ പ്രസിഡന്റും സഹോദരനുമായ റൌള്‍ കാസ്‌ട്രോയാണ് മരണവിവരം അറിയിച്ചത്. അര്‍ബുദ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ക്യൂബന്‍ സമയം രാത്രി 7.30 നാണ് അന്തരിച്ചത്.
1926 ആഗസ്ത് 13നാണ് നേതാവായ ഫിദല്‍ അലക്‌സാണ്ട്രോ കാസ്‌ട്രോ റുസ് എന്ന ഫിദല്‍ കാസ്‌ട്രോയുടെ ജനനം. ക്യൂബന്‍ മണ്ണില്‍ ഗറില്ലാ പോരാട്ടത്തിന്റെ വിപ്ലവം കുറിച്ച വ്യക്തിയാണ് കാസ്‌ട്രോ. 1959ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റ സര്‍ക്കാരിനെ തൂത്തെറിഞ്ഞ കാസ്‌ട്രോ 1965 ല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയാവുകയും
ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം
ചെയ്യുകയും ചെയ്തു.
അധികാരത്തില്‍ എത്തിയതിനു പിന്നാലെ രാജ്യത്തെ
വ്യവസായവും വാണിജ്യവും എല്ലാം ദേശീയവല്‍ക്കരിക്കുകയും ചെയ്തു. 1976 വരെ ക്യൂബന്‍ റിപ്പബ്‌ളിക്കിന്റെ പ്രധാനമന്ത്രിപദവും 1976 മുതല്‍ 2008 വരെ പ്രസിഡന്റ് പദവും അലങ്കരിച്ചു. 2011 വരെയാണ്
അദ്ദേഹം ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായി
പ്രവര്‍ത്തിച്ചത്. രണ്ട് തവണ ചേരിചേരാ പ്രസ്ഥാനത്തിന്റെ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മിര്‍ത ഡയസ് ബലാര്‍ട്ട്, ഡാലിയ സോര്‍ട്ട് എന്നിവരായിരുന്നു ജീവിത പങ്കാളികള്‍ . ഇരുവരിലുമായി ആറുമക്കളുണ്ട്.
ക്യൂബയെ പൂര്‍ണമായും സോഷ്യലിസ്റ്റ് രാഷ്ട്രമാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ
പ്രയത്‌നത്തില്‍ രാജ്യം വ്യവസായികവും വാണിജ്യവുമായ പുരോഗതി നേടി.
സ്ഥാപനങ്ങള്‍ ദേശസാല്‍ക്കരിച്ചു. അമേരിക്കന്‍ സാമ്രാജത്വത്തിന്റെ കടുത്ത
ഉപരോധത്തിന് മുന്നില്‍ ഒരിക്കലും കീഴങ്ങാതെയാണ് ക്യൂബയെ ഉയര്‍ച്ചയുടെ
പടവുകളിലേക്ക് ഫിദല്‍ കൈപിടിച്ചുയര്‍ത്തിയത്. ഇന്ത്യയുമായി അടുത്ത ബന്ധമാണ്
പുലര്‍ത്തിയിരുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ
സാമ്രാജ്യത്ത്വപോരാട്ടങ്ങള്‍ക്ക് ആവേശം പകര്‍ന്നതും സമാനതകളില്ലാത്ത ഈ
വിപ്‌ളവകാരിയാണ്.
വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2006 ജൂലെ 31 ന് അദ്ദേഹം അധികാരം സഹോദരന്‍ റൌള്‍ കാസ്‌ട്രോക്ക് കൈമാറി.