NEWS07/09/2017

സാംസ്‌കാരിക ഘോഷയാത്ര മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

ayyo news service
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ചുള്ള സാംസ്‌കാരിക ഘോഷയാത്ര 9 ന് വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ്ഓഫ് ചെയ്യുമെന്ന് ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വാദ്യമേളമായ കൊമ്പ് മുഖ്യകലാകാരന് നല്‍കി ടൂറിസം മന്ത്രി വാദ്യമേളങ്ങള്‍ക്കും തുടക്കം കുറിക്കും. ഇത്തവണ കേരളത്തിന് പുറമെ പത്തു സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈവിദ്ധ്യമാര്‍ന്ന കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരക്കുമെന്നും മന്ത്രി പറഞ്ഞു. ആസാം, രാജസ്ഥാന്‍, ഹരിയാന, ജമ്മുകാശ്മീര്‍, ബംഗാള്‍, ആന്ധ്രപ്രദേശ്, തെലിങ്കാന, കര്‍ണ്ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളാണുണ്ടാവുക. 180 കലാകാരന്‍മാരാണ് ഇത്തരത്തില്‍ അണിനിരക്കുന്നത്.  

ആയിരത്തിലധികം കലാകാരന്‍മാര്‍ വര്‍ണാഭമായ ഘോഷയാത്രയില്‍ അണിനിരക്കും. 94 ഫ്‌ളോട്ടുകളും 63 കലാരൂപങ്ങളുമുണ്ടാവും. 34 ലക്ഷം രൂപഘോഷയാത്രയ്ക്ക് ചെലവാകുമെന്ന് പ്രതീക്ഷിക്കുന്നു.  ഘോഷയാത്രയുടെ തുടക്കത്തില്‍ അശ്വാരൂഢ സേനയും തൊട്ടുപിന്നില്‍ മുത്തുക്കുടയേന്തിയ കേരളീയ വേഷം ധരിച്ച നൂറു പുരുഷന്‍മാരും അണിനിരക്കും. ഒപ്പം ഓലക്കുടയുമായി മോഹിനിയാട്ടം നര്‍ത്തകിമാരുണ്ടാവും. കൂടാതെ വേലകളി, ആലവട്ടം, വെഞ്ചാമരം, തെയ്യം, പടയണി, കഥകളി, പുലികളി, നീലക്കാവടി, പൂക്കാവടി, ചിന്തുകാവടി, അമ്മന്‍കുടം, മയൂര നൃത്തം, പരുന്താട്ടം, ഗരുഡന്‍പറവ, അര്‍ജുന നൃത്തം, കുമ്മാട്ടിക്കളി, പൊയ്ക്കാല്‍ക്കളി, ബൊമ്മകളി, ചവിട്ടുനാടകം, പരിചമുട്ടുകളി, പന്തംവീശല്‍, വിവിധ മേളങ്ങള്‍ എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകും. ബാന്റുമേളം, പെരുമ്പറ മേളം തുടങ്ങി വ്യത്യസ്തമായ മേളങ്ങളും അണിനിരക്കും. കേരളത്തിന്റെ ഉത്‌സവ സാംസ്‌കാരിക പരിപാടികളെ ബന്ധപ്പെടുത്തിയുള്ള കലാരൂപങ്ങളും ഇത്തവണയുണ്ടാവും. 

നാടിന്റെ മതമൈത്രി വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളും പരിപാടികളും ഇതോടൊപ്പം അവതരിപ്പിക്കും. വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ വിഷയാധിഷ്ഠിത ഫ്‌ളോട്ടുകളാണ് ഇത്തവണ ഘോഷയാത്രയിലുണ്ടാവുക. സംസ്ഥാന സര്‍ക്കാരിന്റെ നാലു മിഷനുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഫ്‌ളോട്ടുകളും അവതരിപ്പിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാവും ഇത്തവണത്തെ ഘോഷയാത്രയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ടൂറിസം രംഗത്തെ മുഖമുദ്രയാകുന്ന ചടയമംഗലത്തെ ജഡായു പാറയുടെ ആവിഷ്‌കാരമാണ് ടൂറിസം വകുപ്പിന്റെ ഫ്‌ളോട്ട്.  ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിശില്‍പമെന്ന ഖ്യാതി ഇതിനകം നേടിയ ജഡായു പാറയിലെ ശില്‍പം ഡിസംബറില്‍ ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും. കേരളീയ പൈതൃകവും സിനിമയും സാഹിത്യവും സ്ത്രീശാക്തീകരണവും സ്ത്രീ സുരക്ഷയും ആരോഗ്യശീലങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യയും വിവിധ തരത്തിലുള്ള ജീവിത സുരക്ഷാ സന്ദേശങ്ങളും ഫ്‌ളോട്ടുകളുടെ വിഷയങ്ങളാവും. വൈകുന്നേരം 7 ന് നിശാഗന്ധിയില്‍ നടക്കുന്ന  സമാപന ചടങ്ങില്‍ ജേതാക്കളാകുന്ന ഫ്‌ളോട്ടുകള്‍ക്കും അത്തപ്പൂക്കളം, തിരുവാതിരകളി മത്സര വിജയികള്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. 

ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാവും. ഘോഷയാത്രയോട് അനുബന്ധിച്ച് കവടിയാര്‍, വെള്ളയമ്പലം, കെല്‍ട്രോണ്‍, കോര്‍പ്പറേഷന്‍, പാളയം, യൂണിവേഴ്‌സിറ്റി കോളേജ്, സ്റ്റാച്യു, ആയുര്‍വേദ കോളേജ് ജംഗ്ഷന്‍, ഈസ്റ്റ് ഫോര്‍ട്ട് എന്നിവിടങ്ങളില്‍ ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റ 9 യൂണിറ്റുകളും സ്ഥലത്തുണ്ടാവും. ഘോഷയാത്രക്ക് സുരക്ഷ ഒരുക്കാന്‍ 1200 പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പ്രകാശ് പറഞ്ഞു.  

Views: 1444
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024