തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായി യുവതീ പ്രവേശം ആനുവദിച്ച ഉത്തരവില്‍ പ്രതിഷേധിച്ചുകൊണ്ടും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഗായകരുടെയും സംഗീത സംവിധായകരുടെയും നേതൃത്വത്തില്‍ 108 അയ്യപ്പ ഭക്തിഗാനങ്ങള്‍ ആലപിച്ച് സംഗീതാര്‍ച്ചന നടത്തി. സംഗീത സംവിധായകന്‍ അനില്‍ ഗോപാലന്റെ നേതൃത്വത്തിലാണ് ഗായകര്‍ ഭക്തിഗാനാര്‍ച്ചന നടത്തിയത്. സംഗീത സംവിധായകന്മാരായ ആര്‍. സോമശേഖരന്‍ മാസ്റ്റര്‍, ദര്‍ശന്‍ രാമന്‍, പിന്നണി ഗായകരായ മണക്കാട് ഗോപന്‍, രവിശങ്കര്‍, അഖില ആനന്ദ്, സുരേഷ് വാസുദേവ്, ഹരീഷ് മണി, ശ്രീലക്ഷ്മി നാരായണന്‍, അജിത് ശിവരാജന്‍, കൊല്ലം മോഹന്‍, ശേഖാറാണി, അഭിജിത് ശിവശങ്കര്‍, അഭയ്കൃഷ്ണന്‍ തുടങ്ങിയവര്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചു. ഷൈജു, മുരുകന്‍, ജോയി എന്നിവര്‍ പശ്ചാത്തല സംഗീതം ഒരുക്കി. സംഗീതാര്‍ച്ചന 10 മണിക്കൂര്‍ നീണ്ടുനിന്നു.
ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി സംഘടിപ്പിച്ച സംഗീതാര്‍ച്ചന കെ.പി.സി.സി. പ്രചരണവിഭാഗം അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.