തിരുവനന്തപുരം: കലാസ്വാദനം നല്‍കുന്ന സാന്ത്വനം പകരംവെയ്ക്കാനാകാത്തതാണ്. വിഷാദത്തിന്റെ ഇരുട്ട് അകറ്റാനും അതിനു കഴിയും. ഈ വസ്തുത അംഗീകരിക്കുന്നതുകൊണ്ടാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചലച്ചിത്രമേളക്ക് തടസമാവരുത് എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.. 23ാമത് രാജ്യാന്തര ചലച്ചിത്രമേള നിശാഗന്ധിയൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രളയാനന്തര കേരളം കലാരംഗത്ത് തകര്‍ന്നുപോയിട്ടില്ലെന്ന് ലോകത്തിനു കാണിച്ചുകൊടുക്കാന്‍ രാജ്യാന്തര ചലച്ചിത്രമേള സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ ചടങ്ങില്‍ ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി കെ പ്രശാന്ത്, കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍, നടിയും സംവിധായികയുമായ നന്ദിതാ ദാസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു.