വത്തിക്കാന്‍ സിറ്റി: മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപകയായ മദര്‍ തെരേസയെ സെപ്റ്റംബര്‍ നാലിനു ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പദവിയിലേക്ക് ഔപചാരികമായി ഉയര്‍ത്തും. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10നു വത്തിക്കാനിലെ കണ്‍സിസ്റ്ററി ഹാളില്‍ പ്രാര്‍ഥനയ്ക്കിടെയാണു നാമകരണ തീയതി മാര്‍പാപ്പ പ്രഖ്യാപിച്ചത്.
മദര്‍ തെരേസയ്ക്കു പുറമേ നാല് പേരെക്കൂടി വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുത്തുന്നതിന്റെ തീയതി മാര്‍പാപ്പ പ്രഖ്യാപിച്ചു. മേരി എലിസബത്ത് ഹാസല്‍ബ്ലാഡ് (സ്വീഡന്‍), സ്റ്റാനിസ്‌ലാവൂസ് പാപ്ഷിന്‍സ്‌കി (പോളണ്ട്) എന്നിവരെ ജൂണ്‍ അഞ്ചിനും ഹോസെ സാഞ്ചെസ് ഡെല്‍റിയോ (മെക്‌സിക്കോ), ഹോസെ ഗബ്രിയേല്‍ ഡെല്‍ റൊസാരിയോ ബ്രൊഷേറോ (അര്‍ജീന്റീന) എന്നിവരെ ഒക്‌ടോബര്‍ 16നും വിശുദ്ധരായി പ്രഖ്യാപിക്കും. അല്‍ബേനിയയില്‍ ജനിച്ച മദര്‍ തെരേസ 1997 സെപ്റ്റംബര്‍ അഞ്ചിനാണു ദിവംഗതയായത്.