എ ആർ ഉണ്ണിക്കണ്ണൻ തിരുവനന്തപുരം:56 കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അഞ്ചാം ദിനത്തിൽ തരംഗിണി(വിജെടി)യിൽ നടന്ന ആൺകുട്ടികളുടെ മിമിക്രി മത്സരത്തിൽ ബി ഗ്രേഡ് നേടുകയും പിന്നീട് ഹയർ അപ്പീലിന് പോകുകയും ചെയ്ത എ ആർ ഉണ്ണിക്കണ്ണൻ എന്ന ഒൻപതാം ക്ലാസ്സുകാരൻ വര്ക്കല ശിവഗിരി എച്ച് എസ് എസിന് സമ്മാനിച്ചത് ചരിത്രനേട്ടം.
പത്തു ദശകങ്ങൾക്ക് മുമ്പ് ഗുരുദേവൻ ശിലാസ്ഥാപനം നടത്തിയ ശിവഗിരി സ്കൂളിന് സംസ്ഥാന മത്സരത്തിൽ ലഭിക്കുന്ന ആദ്യ അംഗീകാരമാണിത്. ഒന്നര വയസ്സിൽ ഒരൊപ്പറേഷനെ തുടർന്ന് രണ്ടു കണ്ണിന്റെയും കാഴ്ച പൂര്ണമായും നഷ്ടപ്പെട്ട ഉണ്ണിക്കണ്ണൻ കാഴ്ചയുള്ള 16 വിദ്യാർത്ഥികൾക്കൊപ്പം മത്സരിച്ചാണ് രണ്ടാമതെത്തിയത്. പുകവലി ക്യാൻസറിനു കാരണമാകുമെന്ന ബോധവത്കരണ പരസ്യം,ട്രെയിനിന്റെ ശബ്ദം,പ്രകൃതിയുടെ ശബ്ദം,ജഗതി ശ്രീകുമാർ,ജയൻ തുടങ്ങിയ നടന്മാരുടെ ശബ്ദാനുകരണം എന്നിവയാണ് വേദിയിൽ അവതരിപ്പിച്ചത്.
അമ്മ റീന, സഹോദരി ഗായത്രി ദേവി, ഉണ്ണിക്കണ്ണൻ, അച്ഛൻ അനിൽഏഷ്യനെറ്റ് കോമഡി എക്സ്പ്രസ്സിലെ മനു ചിറയൻകീഴിന്റെ കീഴിൽ രണ്ടു മാസമായി ഉണ്ണിക്കണ്ണൻ മിമിക്രി പരിശീലിച്ചിരുന്നു. തന്റ ആദ്യ ശിഷ്യന് ഈ സ്കൂൾ കലോത്സവത്തിൽ നേട്ടം കൈവരിക്കാനായതിൽ സന്തോഷമുണ്ടെന്ന് മനു പറഞ്ഞു. കൂട്ടുകാര് തമ്മിൽ ശബ്ദം അനുകരിച്ചു സംസാരിക്കുന്നത് കേട്ടാണ് കെട്ടിടനിർമാണ തൊഴിലാളിയായ അച്ഛൻ അനിലും അമ്മ റീനയും മകന്റെ ഉളളിൽ മികച്ച ഒരു അനുകരണകല ഒളിഞ്ഞിരിപ്പുണ്ടെന്ന് മനസ്സിലാക്കിയത്. പിന്നെ അവർ അത് പ്രോത്സാഹിപ്പിച്ചു. ഇപ്പോൾ അവൻ അവര്ക്കും സമ്മാനിച്ചത് അഭിമാനത്തിന്റെ ഒരായിരം നിമിഷങ്ങൾ.