തിരുവനന്തപുരം: വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തുന്ന കോഴ്സുകള്‍ കേരളത്തിലെ സര്‍വകലാശലകള്‍ വളരെ വേഗം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചില സ്ഥാപനങ്ങള്‍ കേരളത്തില്‍ വന്നപ്പോള്‍ അവര്‍ക്ക് ആവശ്യമായവരെ ഇവിടെ നിന്ന് കിട്ടാത്ത സ്ഥിതിയുണ്ടായി. അതിന് മാറ്റമുണ്ടാവണം. തൈക്കാട് ഗസ്റ്റ് ഹൗസില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സര്‍വകാശാലയില്‍ പഠിക്കുന്ന കുട്ടിക്ക് അവരുടെ സൗകര്യാര്‍ത്ഥം മറ്റൊരു സര്‍വകലാശാലയില്‍ സെമസ്റ്റര്‍ തുടരാനാവുന്ന സ്ഥിതി പരിശോധിക്കണം. കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്കായി നിരവധി വിദേശ രാജ്യങ്ങളില്‍ നിന്ന് ബന്ധപ്പെടുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ നഴ്സിംഗ് കോളേജുകളില്‍ ഇംഗ്ളീഷിനു പുറമെ മറ്റു വിദേശ ഭാഷകള്‍ പഠിപ്പിക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരള സര്‍വകലാശാല, എം. ജി, കുസാറ്റ്, കലിക്കറ്റ്, ഫിഷറീസ് ആന്റ് ഓഷന്‍ സയന്‍സസ്, ആരോഗ്യ സര്‍വകലാശാല, ശ്രീ ശങ്കര സര്‍വകലാശാല, കേരള കാര്‍ഷിക സര്‍വകലാശാല, എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല, മലയാളം സര്‍വകലാശാല, കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ്, കേരള കലാമണ്ഡലം, കണ്ണൂര്‍ സര്‍വകലാശാല, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ലീഗല്‍ സ്റ്റഡീസ് എന്നിവിടങ്ങളില്‍ നിന്നുള്ള വൈസ് ചാന്‍സലര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.