തിരുവനന്തപുരം:ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ മാനിക്കാതിരുന്ന എഡിജിപി. ഋഷിരാജ് സിങ്ങിന്റെ നടപടി തെറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ന്യായീകരിച്ചത് അതിലും വലിയ തെറ്റാണ്. നാട്ടില്‍ നിലനില്‍ക്കുന്ന ചില കീഴ്‌വഴക്കങ്ങളുണ്ട്. ഇത് രമേശ് ചെന്നിത്തലയുടെ വ്യക്തിപരമായ പ്രശ്‌നങ്ങളല്ല. ഔദ്യോഗിക കാര്യങ്ങളാണ്. ഉചിതമായ നടപടിയുണ്ടാകും. എന്തു വേണമെന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ യോഗത്തില്‍ ഋഷിരാജ് സിങ്ങിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മന്ത്രി വന്നപ്പോള്‍ എഴുന്നേല്‍ക്കാത്തതും അതിന് ഋഷിരാജ് സിങ് നല്‍കിയ ന്യായീകരണവും ശരിയായില്ലെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കി. മന്ത്രി വന്നപ്പോള്‍ ഋഷിരാജ് സിങ് എഴുന്നേല്‍ക്കാത്തത് മനഃപൂര്‍വമെങ്കില്‍ തെറ്റാണെന്ന് ഡിജിപി ഇന്നലെ വ്യക്തമാക്കിയിരുന്നു.
രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ നടന്ന വനിതാ പൊലീസ് പാസിങ് ഔട്ട് പരേഡിനു മന്ത്രി രമേശ് ചെന്നിത്തലയെത്തിയപ്പോള്‍ എഡിജിപി ഋഷിരാജ് സിങ് എഴുന്നേല്‍ക്കുകയോ സല്യൂട്ട് ചെയ്യുകയോ ചെയ്യാത്തതാണ് വിവാദമായത്.
എന്നാല്‍ ദേശീയഗാനം ആലപിക്കുമ്പോഴല്ലാതെ, വിഐപികള്‍ വരുമ്പോള്‍ വേദിയിലുള്ളവര്‍ എഴുന്നേല്‍ക്കണമെന്നു പ്രോട്ടോക്കോളില്‍ ഒരിടത്തും പറയുന്നില്ലെന്നും വിവാദം അനാവശ്യമാണെന്നുമായിരുന്നു ഋഷിരാജ് സിങ്ങിന്റെ അഭിപ്രായം.