റോസേര്‍സ് വ്യാവസായിക ദുരന്തനിവാരണ പദ്ധതിക്കായി ഒപ്പിട്ട ധാരണാപത്രം തൊഴിലും നൈപുണ്യവും വകു പ്പു മ ്രന്തി ടി.പി.രാമകൃഷ്ണന്‍ കൈമാറുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആഷാതോമസ് സമീപം.
തിരുവനന്തപുരം: സുരക്ഷിതവും രോഗമുക്തവുമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. വ്യവസായശാലകളില്‍ നിന്നുള്ള അപകടകരമായ രാസ പദാര്‍ഥങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ദുരന്തങ്ങള്‍ നേരിടുന്നതിന് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് തയാറാക്കിയ റിമോട്ട് സെന്‍സിങ് എനേബിള്‍ഡ് ഓണ്‍ലൈന്‍ കെമിക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ ധാരണാപത്രം ഒപ്പിടല്‍ ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന് ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വിഷവാതകങ്ങള്‍ അടക്കമുള്ള രാസപദാര്‍ഥങ്ങള്‍ വഴിയുള്ള വ്യാവസായിക അപകട സാധ്യതകള്‍ മുന്‍കൂട്ടി മനസ്സിലാക്കി പ്രതിരോധനടപടികള്‍ സ്വീകരിക്കാന്‍ പദ്ധതി സഹായിക്കും. ഫാക്ടറികളില്‍ നിന്ന് പുറത്തെത്തുന്ന രാസപദാര്‍ഥങ്ങള്‍ മനുഷ്യനും പരിസ്ഥിതിക്കും ഭീഷണി ഉയര്‍ത്തും. ഇതില്‍ നിന്നും തൊഴിലാളികളുടെയും ഫാക്ടറി പരിസരത്തെ ജനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി.
ഐഎസ്ആര്‍ഒയുടെ കീഴിലുള്ള നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിന്റെയും ആണവോര്‍ജ്ജവകുപ്പിന്റെയും ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക്ക് റിസര്‍ച്ചിന്റെയും സഹകരണത്തോടെ ''റോസേര്‍സ്''- എന്ന പേരിലാണ് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് വഴി സര്‍ക്കാര്‍ വ്യാവസായിക ദുരന്തനിവാരണ പദ്ധതി ഏര്‍പ്പെടുത്തുന്നത്.