ഭിന്നഭാഷകള്‍ സംസാരിക്കുമെങ്കിലും വികാരം ഒന്നാണന്ന് നാനാ പടേക്കര്‍. മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തില്‍ വന്ന താന്‍ സംസാരിക്കുന്ന ഭാഷയില്‍ വ്യത്യാസം ഉണ്ടെങ്കിലും പറയുന്ന കാര്യം വ്യത്യസ്ഥമല്ലന്നും രാജ്യാന്തര ചലിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.ഇതേവരെ മലയാളസിനിമയിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്നും ആ പ്രതീക്ഷ ഉടന്‍ നിറവേറ്റാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും അടൂര്‍ ഗോപാലകൃഷ്ണനും തങ്ങളുടെ ചിത്രത്തിലെ റോള്‍ വാഗ്ദാനം ചെയ്തതായും പറഞ്ഞു. ചടങ്ങില്‍ കെനിയന്‍ സംവിധായിക വനൂരി കഹിയുവിനു മേയര്‍ ആര്യ രാജേന്ദ്രന്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം സമ്മാനിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായ ചടങ്ങില്‍ ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം പാക്കേജുകള്‍ പരിചയപ്പെടുത്തി.
സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, വി കെ പ്രശാന്ത് എം ല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാര്‍, അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ റീത്ത അസെവേദോ ഗോമസ്, ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ എ എസ്, സെക്രട്ടറി സി. അജോയ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എന്‍ മായ ഐ എഫ് എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫെസ്റ്റിവല്‍ കാറ്റലോഗ് വി.കെ പ്രശാന്ത് മധുപാലിന് നല്‍കിയും ചലച്ചിത്രസമീക്ഷ ഫെസ്റ്റിവല്‍ പതിപ്പ് റസൂല്‍ പൂക്കുട്ടി പ്രേംകുമാറിന് നല്‍കിയും പ്രകാശനം ചെയ്തു. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ഗുഡ്‌ബൈ ജൂലിയ പ്രദര്‍ശിപ്പിച്ചു.