ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരേസാ മേ അധികാരമേറ്റു. പ്രധാനമന്ത്രി കാമറോണ്‍ ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി രാജ്ഞിക്ക് രാജിക്കത്തു നല്‍കിയതിനു പിന്നാലെയാണ് തെരേസാ മേ അധികാരമേറ്റത്. കാമറോണിന്റെ രാജി രാജ്ഞി അംഗീകരിച്ചു. മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടനില്‍ പ്രധാനമന്ത്രിയാവുന്ന രണ്ടാമത്തെ വനിതയാണ് 59കാരിയായ തെരേസ മേ. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറിയായിരുന്ന തെരേസ ഏറെ കര്‍ക്കശക്കാരിയായാണു വിലയിരുത്തപ്പെടുന്നത്. യൂറോപ്യന്‍ യൂണിയന്‍ വിടുന്ന ബ്രിട്ടനെ തെരേസയുടെ കാര്‍ക്കശ്യം എങ്ങനെ നയിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ലണ്ടനിലെ മെര്‍ട്ടണില്‍ കൗണ്‍സിലറായി മത്സരിച്ചു ജയിച്ചാണ് തെരേസ മേ രാഷ്ട്രീയത്തിലെത്തിയത്.
ജൂണ്‍ 23ലെ ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുപോവുന്നതിന്(ബ്രെക്‌സിറ്റ്) അനൂകൂലമായി ഭൂരിപക്ഷം പേര്‍ വിധിയെഴുതിയ സാഹചര്യത്തിലാണ് കാമറോണ്‍ പ്രധാനമന്ത്രി പദം ഒഴിയാന്‍ തീരുമാനിച്ചത്.