NEWS16/12/2015

രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന വസ്തുതാവിരുദ്ധം:മന്ത്രി കെ.സി. ജോസഫ്

ayyo news service
തിരുവനനന്തപുരം:മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ അനാവരണ ചടങ്ങുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധവും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന് അയച്ച കത്തില്‍ ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

ചടങ്ങില്‍ ആധ്യക്ഷം വഹിക്കുന്നതിന് വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും മുഖ്യമന്ത്രി സന്തോഷപൂര്‍വ്വം സമ്മതിക്കുകയും നോട്ടീസിലും ഫലകത്തിലും മുഖ്യമന്ത്രിയുടെ പേര് ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഡിസംബര്‍ 10 നും 11 നും വെള്ളാപ്പള്ളി മന്ത്രി ബാബുവിനെ വിളിക്കുകയും മുഖ്യമന്ത്രി പങ്കെടുത്താല്‍ പ്രതിഷേധമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളതായും അറിയിച്ചു.

ഈ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എവിടെനിന്ന് കിട്ടിയെന്നറിയില്ല. ഇത്തരം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആദ്യം ലഭിക്കുന്നത് മുഖ്യമന്ത്രിയ്ക്കാണ്. ഇത്തരത്തിലുള്ള ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇല്ലെന്ന് ഡി.ജി.പി.യും അറിയിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സാങ്കല്പിക റിപ്പോര്‍ട്ട് എന്നത് സ്പഷ്ടമാണ്. മുന്‍ മുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായിരുന്ന ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പൊതുചടങ്ങില്‍ പങ്കെടുക്കുക എന്നത് മുഖ്യമന്ത്രിയുടെ അവകാശവും ചുമതലയുമാണെന്ന് ഞങ്ങള്‍ കരുതുന്നു. പ്രധാനമന്ത്രിയുടെ പ്രഥമ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള പ്രോട്ടോക്കോളിന്റെയും ആദരവിന്റെയും ഭാഗവുമാണത്.

ഡിസംബര്‍ 12 ന് രാവിലെ വെള്ളപ്പള്ളി മുഖ്യമന്ത്രിയെ വിളിക്കുകയും മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്നും ക്ഷണം പിന്‍വലിക്കുകയാണെന്നും അറിയിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന നടപടിയാണ്. ഇതേത്തുടര്‍ന്ന് ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുണ്ടായി. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.യും പി.കെ. ഗുരുദാസന്‍ എം.എല്‍.എ.യും കൊല്ലം മേയറും ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. സംഘാടകരുടെ വിലക്കിനെ തുടര്‍ന്ന് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കാനാവാത്ത സാഹചര്യം സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുംബന്ധപ്പെട്ടപ്പോള്‍ അറിയിക്കുകയുമുണ്ടായി.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച് ഡിസംബര്‍ 12 ന് ഒരുമണിക്ക് പത്രക്കുറിപ്പും പുറപ്പെടുവിച്ചു. തുടര്‍ന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതല്ലെന്ന വിവരം സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ വൈകുന്നേരം 5.30ന് അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി എറണാകുളത്തേക്ക് എത്തുകയും പ്രോട്ടോക്കോള്‍ പ്രകാരം കൃഷിമന്ത്രിയെ നിയോഗിക്കുകയും ചെയ്തു.

വസ്തുതകള്‍ ഇതായിരിക്കെ, മുഖ്യമന്ത്രിയില്‍ നിന്നോ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നോ വസ്തുതകള്‍ ഗ്രഹിക്കാതെ വസ്തുതാവിരുദ്ധമായ പ്രസ്താവനയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ലോക്‌സഭയില്‍ നടത്തുകയും അറിഞ്ഞോ അറിയാതെയോ തെറ്റായ വിവരം നല്‍കി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തിട്ടുള്ളത്.

പ്രതിമ അനാവരണ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി കത്തു നല്‍കിയതായി പാര്‍ലമെന്ററികാര്യ മന്ത്രി രാജീവ് പ്രതാപ് റൂഡിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നതാണ്. മുഖ്യമന്ത്രി അങ്ങനെ ഒരു കത്ത് എഴുതിയിട്ടില്ല. ആ കത്ത് കൈവശം ഉണ്ടെങ്കില്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങളെ കാണിക്കാന്‍ അദ്ദേഹം തയ്യാറാകണം. അല്ലാത്തപക്ഷം സഭയെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പു പറയാന്‍ തയ്യാറാകണമെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനയച്ച കത്തില്‍ ഗ്രാമവികസന മന്ത്രി ഓര്‍മ്മിപ്പിച്ചു.
 



Views: 1666
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024