തിരുവനന്തപുരം:വനം വന്യജീവി വകുപ്പും പരിസ്ഥിതി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ അഞ്ച് രാവിലെ 10 മണിക്ക് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വനം പരിസ്ഥിതി വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും.
സുസ്ഥിര ജീവിത ശൈലികള്‍ എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതിദിനത്തിന്റെ പ്രമേയം. ഓരോ പൗരനും സമഗ്രമായ മാറ്റം ഉള്‍ക്കൊണ്ട് പ്രകൃതി പരിപാലകനായി മാറണം എന്നതാണ് പ്രമേയത്തിന്റെ കാതല്‍.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വനം വകുപ്പ് സംസ്ഥാനത്ത് 1000 നക്ഷത്ര വനങ്ങളും 700 ഔഷധവനങ്ങളും സ്വകാര്യ പങ്കാളിത്തത്തോടെ 1400 കുട്ടിവനങ്ങളും വച്ചുപിടിപ്പിക്കും. നദീതീര സംരക്ഷണത്തിനായി ആദ്യഘട്ടത്തില്‍ 28 കിലോമീറ്റര്‍ ദൂരത്തില്‍ മുളത്തൈകള്‍ വച്ചുപിടിപ്പിക്കും.
ജൈവവൈവിധ്യ കലവറയായ കാവുകളും, കണ്ടല്‍ക്കാടുകളും സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കും. വാഹനങ്ങള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവ് കുറയ്ക്കുന്നതിനായി പെട്രോള്‍ കമ്പനികളുമായി സഹകരിച്ച് കാര്‍ബണ്‍ ഓഫ്‌സെറ്റ് പദ്ധതി നടപ്പാക്കും.
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കും. പരിസ്ഥിതി സംരക്ഷണത്തിനായി ചെയ്യുന്ന ഓരോ പ്രവൃത്തിയും രേഖപ്പെടുത്തിവയ്ക്കാന്‍ ഈ കാര്‍ഡ് ഉപയോഗിക്കാം. ഉദ്ഘാടനത്തോടനുബന്ധിച്ച് ഫോട്ടോ പ്രദര്‍ശനം സെമിനാര്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.