തിരുവനന്തപുരം:പോയ കാലത്തെ നമ്മുടെ ദേശീയ നായകരെയും വീരപുരുഷന്മാരെയും വിമര്‍ശനാത്മകമായി
കാണുന്നത് സ്പര്‍ദ്ധയ്ക്കും ചിലപ്പോള്‍ അക്രമത്തിനും കാരണമാകുന്നെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസ്സിന്റെ 77ാം സമ്മേളനത്തിന്റെ ഉദ്ഘാടനം കേരളസര്‍വകലാശാലയുടെ കാര്യവട്ടം ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
രാജ്യസ്‌നേഹവും ഭൂതകാലത്തില്‍ മഹത്വം ദര്‍ശിക്കുന്നതും സ്വാഭാവികമാണെങ്കിലും അത് ചരിത്രത്തെ അന്ധമായി വ്യാഖ്യാനിക്കുന്നതിനും സത്യത്തെ തമസ്‌കരിക്കുന്നതിനും ഇടയാക്കരുത്. പഴയതായാലും പുതിയതായാലും നമ്മുടെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ഏതൊരു വീക്ഷണത്തിനോടും ശത്രുത പുലര്‍ത്തുന്ന പ്രവണത കാലാകാലങ്ങളിലായി നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു..
സംശയിക്കാനും വിയോജിക്കാനും ബൗദ്ധികമായി ചോദ്യം ചെയ്യാനുമുള്ള സ്വാതന്ത്യത്തെ നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായി സംരക്ഷിക്കേണ്ടതുണ്ട്. ആ സ്വാതന്ത്യം ചരിത്രം പോലൊരു മേഖലയുടെ പുരോഗതിക്ക് നിര്‍ണായകമാണ്. ആവുന്നത്ര വസ്തുനിഷ്ഠമാവുകയാണ് ചരിത്രത്തോടുള്ള സമീപനത്തില്‍ വേണ്ടത്. ചരിത്രത്തോട് വസ്തുനിഷ്ഠ സമീപനം സ്വീകരിക്കുന്നതിന് നമ്മുടെ മികച്ച ചരിത്രകാരന്മാര്‍ ശ്രമിച്ചതുപോലെ ന്യായാധിപന്റെ നിഷ്പക്ഷ മനസ്സാണ്, അഭിഭാഷകന്റെ മനസ്സല്ല വേണ്ടത്. പരിമിതമായ സാമ്പത്തിക വിഭവങ്ങള്‍ മാത്രമുണ്ടായിട്ടും മനുഷ്യവികസന സൂചികയില്‍ ഉന്നത സ്ഥാനത്തെത്തിയ കേരളത്തില്‍നിന്ന് മറ്റു സംസ്ഥാനങ്ങള്‍ക്ക ഏറെ പഠിക്കാനുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.