തിരുവനന്തപുരം:ഭക്ഷ്യോത്പാദന സ്വയംപര്യാപ്തതയെക്കുറിച്ച് പറഞ്ഞാല്‍ മാത്രം പോരാ പ്രവര്‍ത്തനത്തിലൂടെ തെളിയിക്കാനാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം എന്ന വിഷയത്തില്‍ സംസ്ഥാനതല ശില്പശാലയും മാധ്യമ സെമിനാറും തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ ഭക്ഷണസാധനങ്ങളുടെയും ഉത്പാദനം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുന്ന കാര്യം ആലോചിക്കണം. ഇക്കാര്യത്തില്‍ ഗ്രാമസഭകളിലൂടെയുള്ള പ്രവര്‍ത്തനം ആവശ്യമാണ്.
മുഴുവന്‍ ഗ്രാമസഭകളും വിളിച്ചുകൂട്ടണം, മന്ത്രിമാരും ഉദ്യോഗസ്ഥരും ത്രിതല പഞ്ചായത്തംഗങ്ങളും വാര്‍ഡുതലത്തില്‍ പച്ചക്കറി ഉത്പാദനത്തില്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരുന്ന ഓണക്കാലത്തോടെ വിഷമുക്തമായ പച്ചക്കറി ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് അദ്ധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.
ഭക്ഷണരംഗത്ത് സ്വയംപര്യപ്തത കൈവരിക്കാന്‍ ജനപങ്കാളിത്തം അവശ്യമാണെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍, ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ടി.വി.അനുപമ എന്നിവരും പ്രസംഗിച്ചു.