കൊച്ചി: മുൻ മന്ത്രിയും കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനുമായ കെ.എം.മാണി അന്തരിച്ചു. .86 വയസായിരുന്നു..ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇന്ന് വൈകുന്നേരമായിരുന്നു മരണം. ഇന്ന് ഉച്ചയോടെ രോഗം മൂർച്ഛിക്കുകയായിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ഈ മാസം അഞ്ചിന് അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി ആസ്‌മയ്ക്ക് ചികിത്സയിലായിരുന്നു കെ.എം മാണി.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന നിലയില്‍ ശ്രദ്ധേയനായ മാണി നിലവില്‍ പാല നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ്.
1964 മുതല്‍ കേരള കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്ന മാണി 1975 ലെ അച്ചുതമേനോന്‍ മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രിയാവുന്നത്. 1975 ഡിസംബര്‍ 26 ന് ആദ്യമായി മന്ത്രിസഭയില്‍ അംഗമായി ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന ബേബി ജോണിന്റെ റെക്കോര്‍ഡ് മറികടന്ന് സ്വന്തം പേരിലാക്കി. പന്ത്രണ്ടു മന്ത്രിസഭകളില്‍ അംഗമായിരുന്ന മാണിക്കാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നതിന്റെ റെക്കോര്‍ഡുള്ളത്.
കോട്ടയം മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപള്ളിയില്‍ കര്‍ഷകദമ്ബതികളായിരുന്ന തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടേയും മകനായാണ് മാണിയുടെ ജനനം. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളേജ്, മദ്രാസ് ലോ കോളജില്‍ നിന്ന് നിയമ ബിരുദം നേടിയശേഷം ഹൈക്കോടതി ജഡ്ജി പി.ഗോവിന്ദമേനോന്റെ കീഴില്‍ 1955 ല്‍ കോഴിക്കോട് അഭിഭാഷകനായി ചേര്‍ന്നു. കുട്ടിയമ്മയാണ് ഭാര്യ. ജോസ്.കെ. മാണി എംപി, സ്മിതാ മാണി, ആനി മാണി, സാലി മാണി എന്നിവരാണ് മക്കള്‍.