തിരുവനന്തപുരം: നിളയുടെ ഭൂമിയില്‍ നിന്ന് ലോകത്തെ വ്യാഖാനിക്കാന്‍ കഴിഞ്ഞു എന്നതാണ് എം.ടിയുടെ കരുത്തെന്നും, ആധുനിക കേരള ചരിത്രത്തിന്റെ നിര്‍ണ്ണായകമായ വഴിത്തിരിവാണ് നിര്‍മ്മാല്യത്തിന്റെ ഇതിവൃത്തമെന്നും, ഒരുആചാരവും എല്ലാ കാലവും നിലനില്‍ക്കില്ലെന്നും കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദിയും, ഭാരത് ഭവനും,കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായി ഒരുക്കുന്ന എം.ടി.ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ടി തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച നിര്‍മ്മാല്യം സിനിമയുടെ 45ാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് 5 ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. വയലാര്‍ സാംസ്കാരിക വേദിയുടെ സ്ഥാപക പ്രസിഡന്റായ എസ്.വിജയകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഭാരത് ഭവന്‍ മെമ്പര്‍സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ സ്വാഗതവും ആമുഖ പ്രഭാഷണവും നിര്‍വ്വഹിച്ചു. ജോര്‍ജ്ജ് ഓണക്കൂര്‍, എം.ടി. സാഹിത്യവും ചലച്ചിത്രവും എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.