തിരുവനന്തപുരം: ഇന്ത്യയിലെ 12 വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ ഓണം ഘോഷയാത്രയുടെ നിറമേളങ്ങള്‍ക്ക് ഇന്ന് ചാരുതയേകും. കേരള ടൂറിസം ഡിപ്പാര്‍ട്ടുമെന്റിനു വേണ്ടി ഭാരത് ഭവനും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്നാണ് നൂറ്റി എണ്‍പതോളം വരുന്ന 12 ദേശങ്ങളിലെ കലാരൂപങ്ങള്‍ കാഴ്ചവെക്കുന്നത്. ആസാമിന്റെ ബിഹുനൃത്തം, രാജസ്ഥാന്റെ ചക്രിനൃത്തം, നോര്‍ത്ത് കര്‍ണാടകയുടെ ഡോലു കുനിത, പോണ്ടിച്ചേരിയുടെ തപ്പാട്ടം, കശ്മീരിന്റെ റൗഫ്, ആന്ധ്രപ്രദേശിന്റെ ദപ്പുനൃത്തം, പശ്ചിമബംഗാളിന്റെ ഛൗനൃത്തം, തെലുങ്കാനയുടെ മാഥുരി നൃത്തം, ഗുജറാത്തിന്റെ രത്വ, തമിഴ്‌നാടിന്റെ കരഗാട്ടം, സൗത്ത് കര്‍ണ്ണാടകയുടെ വീര്‍ഗാസി, ഹരിയാനയുടെ ഫാഗ് എന്നീ 12 കലാരൂപങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മലയാളത്തിന്റെ ഓണപ്പൊലിമക്ക് മിഴിവേകാനെത്തുന്നത്. രാജസ്ഥാനിലെ മണ്‍വീടും മുറ്റവുമായി ഒരുക്കിയ ഫ്‌ളോട്ടില്‍ ചക്രിനൃത്തവും ഡാല്‍ തടാകത്തിലെ കശ്മീരിചങ്ങാടത്തില്‍ റൗഫ്‌നൃത്തവും അരങ്ങേറും. ഓണാഘോഷങ്ങള്‍ക്കായി 12 ഇന്ത്യന്‍ കലാസം ഘങ്ങള്‍ വിരുന്നെത്തുന്നത് ആദ്യമായാണ്. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.
വൈകീട്ട് അഞ്ചിന് വെള്ളയമ്പലത്തു നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര യില്‍ നൂറോളം നിശ്ചലദൃശ്യങ്ങളുണ്ടാകും. മൂവായിരത്തോളം കലാകാരന്മാരും അണിനിരക്കും.