തിരുവനന്തപുരം: ജനാധിപത്യ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ മൂലധനശക്തികള്‍ക്ക് അടിയറ വയ്ക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കുറേ നാളുകളായി നടപ്പാക്കുന്നതെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ (കെ.ജി.ഒ.എഫ്) 22-ാം സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി. നടപ്പിലാക്കിയത് ഇന്‍ഡ്യന്‍ ഫെഡറലിസ്റ്റ് തത്വങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒറ്റ മൂലധന മാര്‍ക്കറ്റ് എന്ന കോര്‍പ്പറേറ്റ് ഗൂഢലക്ഷ്യം നടപ്പിലാക്കാനാണ് ജി.എസ്.ടി. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്.
തുടര്‍ന്ന് ''കോര്‍പ്പറേറ്റ് വല്‍ക്കരണവും സേവനമേഖലയും'' എന്ന വിഷയത്തില്‍ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ.കെ. രവിരാമന്‍ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ജെ. സജീവ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി കെ.എസ്. സജികുമാര്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി ജി.ആര്‍. അനില്‍, എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി കെ.പി. ശങ്കരദാസ് . കെ.ജി.ഒ.എഫ്. ജില്ലാ പ്രസിഡന്റ് എസ്. അനില്‍കുമാര്‍ സെക്രട്ടറി ഡോ. സുമന്‍ ബി.എസ്. തുടങ്ങിയവര്‍ സംസാരിച്ചു.