തിരുവനന്തപുരം:ദേശീയോദ്ഗ്രഥന സന്ദേശവുമായി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മസ്ഥലമായ കട്ടക്കിലെ ഒഡിയാബസാറില്‍ നിന്നും സംസ്ഥാനത്തെത്തിയ ജന്മമതിയാത്രയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്വീകരണം നല്‍കി.
സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. നേതാജിയുടെ പാദസ്പര്‍ശമേറ്റ നാട്ടിലെ മണ്ണുമായാണ് ഉത്കല്‍ വികാസ് ജൂബ പരിഷത്തിന്റെ നേതൃത്വത്തില്‍ സംഘം ജന്മമതിയാത്ര നടത്തുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ അദ്ധ്യക്ഷത വഹിച്ചു. പി.ആര്‍.ഡി സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും പി.ആര്‍.ഡി ഡയറക്ടര്‍ മിനി ആന്റണി നന്ദിയും പറഞ്ഞു.
പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ അഡ്വ.കെ.അയ്യപ്പന്‍പിള്ള ആശംസയര്‍പ്പിച്ചു. ജന്മമതിയാത്ര അംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരം മന്ത്രി കെ.സി.ജോസഫ് സമ്മാനിച്ചു. ഉത്കല്‍ വികാസ് ജൂബ പരിഷത്തിന്റെ നേതാവും ദേശീയോദ്ഗ്രഥന യാത്രാ നായകനുമായ ദേവീപ്രസാദ് പ്രുസ്തി യാത്രയുടെ പ്രസക്തിയെക്കുറിച്ച് വിവരിച്ചു. സംഘം പിന്നീട് നിയമസഭാ മന്ദിരത്തിലെ ചേമ്പറില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും സന്ദര്‍ശിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ സംഘം ബംഗളൂരുവിലേക്ക് മടങ്ങി.