തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തൈക്കാട് സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നാളെ (ജൂണ്‍ 30) നടക്കും. 14 ടേബിളുകളിലായി 11 റൗണ്ടുകളായാണ് രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണല്‍ നടക്കുന്നത്.
കൗണ്ടിംഗ് ഏജന്റുമാര്‍ക്കും മറ്റ് നോണ്‍ ഒഫിഷ്യല്‍സിനും കൗണ്ടിംഗ് ഹാളിലേക്ക് മൊബൈല്‍ ഫോണ്‍, ഐ പാഡ്, ലാപ് ടോപ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളുമായി പ്രവേശിക്കാന്‍ അനുവദിക്കുന്നതല്ല. കൗണ്ടിംഗ് ഏജന്റുമാര്‍ ഇത്തരം ഉപകരണങ്ങള്‍ ഒഴിവാക്കി വേണം ഹാളില്‍ പ്രവേശിക്കാനെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. എ. കൗശിഗന്‍ െഎ.എ.എസ് അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയ പാസ് ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കയറാനാകൂ. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി മീഡിയാ റൂം ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണല്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ഇവിടെനിന്ന് ലഭിക്കും. പാസ് ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കേ മീഡിയാറൂമില്‍ പ്രവേശിക്കാനാകൂ.
വോട്ടെണ്ണല്‍ കേന്ദ്രമായ സംഗീതകോളേജിലും പരിസരത്തും ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കോളേജിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമോ പാര്‍ക്കിംഗോ അനുവദിക്കില്ല. സംസ്ഥാന പോലീസാണ് ഈ മേഖലയില്‍ സുരക്ഷയൊരുക്കുന്നത്. പരിശോധന നടത്തിയശേഷമാകും കോളേജിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കുക. സ്‌റ്റേറ്റ് ആംഡ് പോലീസാണ് ഇവിടെ സുരക്ഷ കൈകാര്യം ചെയ്യുന്നത്.
വോട്ടെണ്ണല്‍ ഹാളിന്റെ പരിസരത്തും സുരക്ഷ ഒരുക്കുന്നത് സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സാണ്. വോട്ടെണ്ണല്‍ കേന്ദ്രമായ സംഗീതകോളേജിന് രണ്ടുകിലോമീറ്റര്‍ ചുറ്റളവിലും അരുവിക്കര നിയോജകമണ്ഡലത്തിലും നാളെ (ജൂണ്‍ 30) മദ്യനിരോധനം ഏര്‍പ്പെടുത്തി. വെളുപ്പിന് 12 മണിമുതല്‍ രാത്രി 12 മണിവരെയാണ് നിരോധനം.