ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ചരിത്രവിജയം നേടി.
തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എക്കാലത്തെയും ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് ജയലളിത മുഖ്യമന്ത്രി കസേരയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. മുഖ്യഎതിരാളികള്‍ ഇല്ലായിരുന്നു എന്ന പ്രത്യേകത ഉണ്ട്.
ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി സി.പി.ഐയിലെ സി. മഹേന്ദ്രന് ആകെ ലഭിച്ചത് 9710 വോട്ടുകള്‍. ജയലളിതക്ക് 1,60,416 വോട്ടുകള്‍,ഭൂരിപക്ഷം 1,50,706 വോട്ടുകള്‍.
മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച ഉപതിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി സി. മഹേന്ദ്രനായിരുന്നു ജയയുടെ മുഖ്യ എതിരാളി. സാമൂഹിക പ്രവര്‍ത്തകനായ ട്രാഫിക് രാമസാമിയുള്‍പ്പെടെ മറ്റ് 26 സ്വതന്ത്രരും മല്‍സര രംഗത്തുണ്ടായിരുന്നു.
മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. 90 ശതമാനം വോട്ടുമായി ജയ വന്‍വിജയം നേടുമെന്ന ആത്മവിശ്വാസത്തിലായിരുന്നു അണ്ണാ ഡിഎംകെ. തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് മുഖ്യ എതിരാളിയായ മഹേന്ദ്രന്‍ ആരോപിച്ചിരുന്നു.
അന്‍പതിലേറെ ബൂത്തുകളില്‍ കള്ളവോട്ട് നടന്നതിന്റെ വ്യക്തമായ തെളിവുകളുണ്ടെന്നും സ്ഥാനാര്‍ഥി സി. മഹേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.