തിരുവനന്തപുരം; ദേവരാജൻ മാസ്റ്റർ കമ്മ്യുണിസ്റ്റ് സർഗാത്മയുടെ ഉത്തരമാണെന്നു മുഖ്യമത്രി പിണറായി വിജയൻ. ജി.ദേവരാജന്‍ മാസ്റ്ററുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നവതി ആഘോഷപരിപാടികളുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചും ജി. ദേവരാജന്‍ മാസ്റ്റര്‍ നവതി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യുണിസ്റ്റുകാരനായിപ്പോയാൽ കലാകാരന് ഹൃദയച്ചുരുക്കം വന്നുപോകും എന്ന് വാദിച്ചർക്കുള്ള സർഗാത്മകമായ ഉത്തരമായിരുന്നു ദേവരാജൻ മാസ്റ്റർ. അദ്ദേഹം കമ്മ്യുണിസ്റ്റായിരുന്നു. എന്നാൽ അതുകൊണ്ട് വല്ല ഹൃദയച്ചുരുക്കവും അദ്ദേഹത്തിന് വന്നു വെന്ന് ആരും പറയില്ല. കമ്മ്യുണിസ്റ്റല്ലാത്ത ഏതെങ്കിലും ഒരാൾക്ക് സർഗാത്മകതയും അദ്ദേഹം ചെയ്ത സംഭാവന ചെയ്യാനോ അദ്ദേഹത്തെ കടന്നു നിൽക്കാനോ കഴിയണം ഇല്ല എന്നതാണ് സത്യം. ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ പാട്ടുകൾ കേരളവും മലയാളവും ഉള്ള കാലത്തോളം മറക്കില്ല. മുഖ്യമന്ത്രി പറഞ്ഞു.
പി ഭാസ്കരൻ, വയലാർ, ഓഎൻവിയുമൊക്കെ വൻ വൃക്ഷങ്ങളായി നിറഞ്ഞുനിന്ന ഒരു കാലത്ത് തന്നെ ചലച്ചിത്രഗാന ശാഖയിലേക്ക് കടന്നുവന്ന് സ്വന്തം വ്യക്തിത്വം പ്രഗത്ഭ നിലയിൽ സ്ഥാപിച്ചെടുത്ത, ശ്രീകുമാരൻ തമ്പി ചലച്ചിത്രകലയുടെ മികവാർന്ന എല്ലാ രംഗങ്ങളിലും തന്റെ കഴിവ് തെളിയിച്ച നിർമാതാവും സംവിധായകനും കൂടിയാണ്. മലയാളിക്കു ഒരിക്കലും മറക്കാനാവാത്ത പാട്ടുകളുടെ വലിയ ഒരു ശേഖരമുണ്ട് മാസ്റ്റർ തമ്പി കൂട്ടുകെട്ടിൽ. ദാർശനിക ജീവിതത്തെ വീക്ഷിക്കുന്ന കവിയാണ് തമ്പി. ശ്രദ്ധേയമായ ഗാനങ്ങൾകൊണ്ട് ചലച്ചിത്രകലയെയും മലയാളത്തെയും തമ്പി അനുഗ്രഹിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നഗരസഭാ മേയർ വികെ പ്രശാന്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന ജി. ദേവരാജന്‍ മാസ്റ്റര്‍ നവതി പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് മുഖ്യന്ത്രി സമ്മാനിച്ചു. പി ജയചന്ദ്രൻ, പൂവച്ചൽ ഖാദർ, പ്രഭ വർമ്മ, കെ ചന്ദ്രിക, ഇ ജയകൃഷ്ണൻ, പ്രമോദ് പയ്യന്നൂർ, സതീഷ് രാമചന്ദ്രൻ, ആർ ഗോപകുമാർ എന്നിവർ സംസാരിച്ചു.

സമ്മേളാനന്തരം പി.ജയചന്ദ്രന്‍ നയിച്ച ദേവരാജന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേള അരങ്ങേറി. ഭാരത് ഭവന്‍, പബ്ലിക് റിലേഷന്‍ വകുപ്പ്, ടൂറിസം വകുപ്പ്, സാംസ്‌കാരിക വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ജി.ദേവരാജന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ട്രസ്റ്റ് നവതി ആഘോഷം സംഘടിപ്പിച്ചത്.