കണ്ണൂർ:ആര്‍.എസ്.എസ്. നേതാവ് കതിരൂരിലെ എളന്തോടത്ത് മനോജ് കൊല്ലപ്പെട്ട കേസില്‍ സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജനെ ചോദ്യംചെയ്യാന്‍ സി.ബി.ഐ. തീരുമാനിച്ചു.
ഇതിനായി അന്വേഷണസംഘം മുമ്പാകെ ഹാജരാകണമെന്ന് കാണിച്ച് സി.ബി.ഐ. ജയരാജന് നോട്ടീസ് നല്കി. ജൂണ്‍ രണ്ടിന് ഹാജരാകണമെന്നാണ് നോട്ടീസ്.
മനോജ് കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചനയാണ് സി.ബി.ഐ. ഡിവൈ.എസ്.പി. ഹരി ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം ഇപ്പോള്‍ അന്വേഷിക്കുന്നത്.
കൊലപാതകത്തില്‍ പങ്കാളിയായവരെ പ്രതിയാക്കി ആദ്യകുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. ജയരാജന്റെ വിശ്വസ്തനായ വിക്രമനടക്കം 18 പ്രതികളാണ് ഇതിലുണ്ടായിരുന്നത്.
ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് ഇതില്‍ അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ച സി.പി.എം. ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെത്തിയാണ് സി.ബി.ഐ. ഉദ്യോഗസ്ഥര്‍ അറിയിപ്പ് കൈമാറിയത്. എന്നാല്‍, പി.ജയരാജന്‍ ഓഫീസിലില്ലാത്തതിനാല്‍ നേരിട്ട് നോട്ടീസ് കൈമാറാനായില്ല.