തിരുവനന്തപുരം:അഴിമതിക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാരല്ല തന്റേത്. അഴിമതിക്കെതിരെ ശക്തമായ
നിയമ നടപടികളുണ്ടാകും. അഴിമതിക്കേസില്‍ നിയമ നടപടി നേരിടുന്നവരെ
സംരക്ഷിക്കില്ല.നിയമ നടപടികളെ പ്രതികാര നടപടിയായി കാണേണ്ടതില്ല.
പ്രതികാരം ചെയ്യാന്‍ അധികാരത്തിലെത്തിയ സര്‍ക്കാരല്ല തന്റേത്. മന്ത്രിമാര്‍
ജനങ്ങള്‍ക്ക് വിനീത വിധേയരായിരിക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ജില്ലയിലെ
എംഎല്‍എമാര്‍ക്കും നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു പിണറായി.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കാര്യത്തില്‍ തനിക്കോ എല്‍ഡിഎഫ് സര്‍ക്കാരിനോ വ്യത്യസ്ത അഭിപ്രായമില്ല. എന്നാല്‍, കേരളത്തിന് തനിച്ച് ഇത് സാധിക്കില്ല. തമിഴ്‌നാടും കേരളവും ഒത്തുചേര്‍ന്നാലേ പുതിയ അണക്കെട്ട് നിര്‍മിക്കാനാകൂ. ഇതിന് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് സഹായിക്കണം. നിലവിലെ അണക്കെട്ടിന് ബലക്ഷയമില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. അതിനോട് നമുക്ക് യോജിപ്പില്ല. നാം ഉയര്‍ത്തിയ ഒരു മുദ്രാവാക്യവും ഉപേക്ഷിക്കില്ല.
നിലവിലെ ഡാമിന് ബലക്ഷയമുണ്ടോ എന്ന പരിശോധനയാണ് ആദ്യം വേണ്ടത്. അതിന് ഒരു അന്താരാഷ്ട്ര വിദഗ്ധസമിതിയുടെ പരിശോധന ആവശ്യമാണ്. അത്തരം വിദഗ്ധരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രശ്‌നത്തില്‍ അയല്‍സംസ്ഥാനമായ തമിഴ്‌നാടുമായി സംഘര്‍ഷത്തിന് താല്‍പ്പര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.