പാരീസ്: ആതിഥേയരായ ഫ്രാന്‍സിനെ ഒരു ഗോളിന് കീഴടക്കി യൂറോ കപ്പ് കിരീടം പോര്‍ച്ചുഗല്‍ സ്വന്തമാക്കി. ചരിത്രത്തില്‍ ആദ്യമായാണ് പറങ്കികള്‍ ഒരു ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിടുന്നത്. പകരക്കാരനായി ഇറങ്ങിയ എഡറാണ് എക്‌സ്ട്രാ ടൈമില്‍ 19-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ വിജയ ഗോള്‍ നേടിയത്. കളിയുടെ 23-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിക്കേറ്റ് കയറിയിട്ടും പൊരുതി
നില്‍ക്കുകയായിരുന്നു പോര്‍ച്ചുഗല്‍.
കളിയുടെ 24–ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോ പരിക്കേറ്റ് മടങ്ങിയത്. രണ്ടു
തവണ പായെറ്റുമായി കൂട്ടിയിടിച്ച റൊണാള്‍ഡോ ഒടുവില്‍ കണ്ണീരോടെ കളംവിട്ടു.
സ്‌ട്രെച്ചറില്‍ കിടത്തിയാണ് റൊണാള്‍ഡോയെ കളത്തിന് പുറത്തേക്ക്
കൊണ്ടുപോയത്. പകരക്കാരനായി റിക്കാര്‍ഡോ ക്വാറെസ്മ ഇറങ്ങി.

ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇരു ടീമും ഗോളൊന്നും നേടാത്തതിനെ തുടര്‍ന്ന് മത്സരം എക്‌സ്ട്രാ ടൈമിലേക്കു നീങ്ങുകയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ ഫ്രാന്‍സിനായി ഗ്രീസ്മാനും ജിറാഡും ഗോള്‍ അടിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതൊന്നും ഫലവത്തായില്ല. അധികസമയത്തിലെ 19-ാം മിനിറ്റിലാണ് എഡറിന്റെ ലോംഗ് റേഞ്ച് ഷോട്ട് ഫ്രഞ്ച് ഗോളിയേയും മറികടന്ന് വലയിലെത്തിയത്.
ഒണ്‍ട്വാന്‍ ഗ്രീസ്മാന്‍ യൂറോ കപ്പിലെ മികച്ച ഗോൾവേട്ടക്കാരനുള്ള സുവർണ പാദുകം സ്വന്തക്കാക്കി. ഏഴു മത്സരങ്ങളിൽ നിന്നു ആറു ഗോളാണ് ഗ്രീസ്മാന്‍ നേടിയത്. ഫ്രാൻസിനെ ഫൈനൽ വരെ എത്തിച്ചതിൽ നിർണായകമായിരുന്നു ആ ഗോളുകൾ. രണ്ടു ഗോളിനും ഗ്രീസ്മാന്‍ അവസരമൊരുക്കി.