തിരുവനന്തപുരം:വിശക്കുന്നവര്‍ക്ക് ആത്മാഭിമാനത്തോടെ 'ഭക്ഷണം എന്ന ആശയവുമായി കോഴിക്കോട് ആരംഭിച്ച 'ഓപ്പറേഷന്‍ സുലൈമാനി' ചിങ്ങം ഒന്നുമുതല്‍ തിരുവനന്തപുരം ജില്ലയില്‍ ആരംഭിക്കും. പദ്ധതി കോഴിക്കോട് വിജയകരമായി നടപ്പാക്കാന്‍ നേതൃത്വം നല്‍കിയ ജില്ലാകളക്ടര്‍ എന്‍. പ്രശാന്ത് തിരുവനന്തപുരം ജില്ലാകളക്ടര്‍ ബിജു പ്രഭാകര്‍, ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് പദ്ധതി ജില്ലയില്‍ വിജയകരമായി നടപ്പാക്കാന്‍ തീരുമാനിച്ചത്.
അത്ഭുതകരമായ പിന്തുണയാണ് പദ്ധതിക്ക് കോഴിക്കോട്ടുകാര്‍ നല്‍കിയതെന്ന് കളക്ടര്‍ എന്‍. പ്രശാന്ത് പറഞ്ഞു. ഒരുനേരത്തെ'ഭക്ഷണത്തിന് ഗതിയില്ലാത്തവര്‍ മാത്രമല്ല, ലഞ്ച്‌ബോക്‌സ് നഷ്ടപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ പേഴ്‌സ് നഷ്ടപ്പെട്ട വയോധികര്‍ വരെ പദ്ധതിയിലൂടെ ആത്മാഭിമാനത്തോടെ ഭക്ഷണം കഴിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ഈ ആശയത്തിന് നേതൃത്വം നല്‍കിയ ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് ഭാരവാഹികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥെരയും കോഴിക്കോടിന്റെ അനുഭവം പങ്കുവയ്ക്കാന്‍ തലസ്ഥാനത്ത് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എസ്.എ.ടി ആശുപത്രിയിലും നടപ്പാക്കുന്ന പദ്ധതി ജില്ലയിലെ വിദൂരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കളക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിനെ പങ്കെടുപ്പിച്ച് ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കാറ്ററിംഗ് അസോസിയേഷന്‍നെകൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പദ്ധതി വിപുലീകരിക്കും.
വില്ലേജ് ഓഫീസുകള്‍, ഔട്ട്‌ലെറ്റുകള്‍ എന്നിവ വഴി നല്‍കുന്ന കൂപ്പണുകള്‍ ഉപയോഗിച്ച് നഗരത്തിലെ തെരഞ്ഞെടുക്കപ്പെടുന്ന ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും യോഗത്തില്‍ പങ്കെടുത്ത ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികളായ വിജയകുമാര്‍, സുധീഷ് കുമാര്‍, ഒ.കെ. ഖാലിദ് എന്നിവര്‍ പറഞ്ഞു.