ചെന്നൈ: ഇന്ത്യ എ ഓസ്‌ട്രേലിയയെ തോല്‍പിച്ച് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കിരീടം ചൂടി. നാലു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ ഗുര്‍കീരത്ത് എന്ന പഞ്ചാബുകാരന്റെ ബാറ്റിങ് മികവില്‍ ലക്ഷ്യം കണ്ടു. 85 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പടെ 87 റണ്‍സാണ് നേടിയത്.
നാലിന് 82 എന്ന നിലയില്‍ ഇന്ത്യ തകര്‍ച്ചയെ നേരിട്ടിരിക്കുമ്പോഴാണ് ഗുര്‍കീരത്ത് രക്ഷകവേഷമണിഞ്ഞത്.സഞ്ജു സാംസണ്‍ 42 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഏഴാം വിക്കറ്റില്‍ 15 ഓവറില്‍ നിന്ന് ഇവര്‍ നേടിയ 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്.
ഓസ്‌ട്രേലിയക്ക് ഉസ്മാന്‍ ഖ്വാജയും (76) ബേണ്‍സും (41) ചേര്‍ന്ന് 82 റണ്‍സിന്റെ ഭദ്രമായ തുടക്കമാണ് നല്‍കിയത്. പിന്നീടാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. കരണ്‍ ശര്‍മ മൂന്നും അക്‌സര്‍ പട്ടേലും ഗുര്‍കീരത്തും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.