NEWS13/09/2016

കാവേരി:ബംഗളുരുവില്‍ നിരോധനാജ്ഞ,ബെംഗളൂരു–മൈസൂര്‍ റോഡ് അടച്ചു

ayyo news service
ബംഗളൂരൂ/ചെന്നൈ: കാവേരി നദീജലം വിട്ടുനല്‍കുന്നതിനെചൊല്ലി  കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും ആക്രമണം കനത്തു. സംഘര്‍ഷത്തെത്തുടര്‍ന്ന് ബംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബെംഗളൂരു–മൈസൂര്‍ റോഡ് അടച്ചു. മെട്രോ സര്‍വീസും നിര്‍ത്തിവെച്ചു.

കര്‍ണാടകയില്‍ ബംഗളൂരു നഗരത്തിലും മൈസുരൂരുവിലേക്കുള്ള ദേശീയപാതയിലുമാണ് ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.

ഹഗനഹള്ളിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീട് ആക്രമിച്ച വര്‍ക്ക് നേരേ പോലീസ് നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു. ബംഗളൂരുവിലെ ഡിപ്പോയ്ക്കു സമീപം കെപിഎന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ 40 ബസുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീവച്ചത്. തമിഴ്‌നാട്ടിലെ സേലം ആസ്ഥാനമായുള്ള ഗ്രൂപ്പാണ് കെപിഎന്‍.

തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ട്രക്കുകള്‍ക്കും ബസുകള്‍ക്കും നേരേ മറ്റിടങ്ങളിലും ആക്രമണമുണ്ടായി. അറുപതോളം ബസുകള്‍ ആക്രമിക്കപ്പെട്ടതായി കര്‍ണാടക പോലീസ് അറിയിച്ചു. ഇരുനൂറോളം ലോറികളും കത്തിച്ചു. കാവേരി മേഖലയിലും പ്രതിഷേധം ആളിക്കത്തുകയാണ്. പാണ്ഡവപുരയില്‍ തമിഴ്‌നാട്ടുകാരുടെ ആറു കടകള്‍ തല്ലിത്തകര്‍ത്തു. ഇവിടെ ലാത്തിച്ചാര്‍ജ് നടത്തിയ പോലീസിനു നേരേ കല്ലേറുണ്ടായി.

മാണ്ഡ്യയിലും അക്രമങ്ങള്‍ അരങ്ങേറി. ബംഗളൂരു-മൈസൂരു ദേശീയപാത പലയിടത്തും അടച്ചിട്ടു. ക്രമസമാധാനപാലനത്തിനായി പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

അക്രമം ഭയന്ന് ബംഗളൂരു നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും നേരത്തെ അടച്ചു. മെട്രോ സര്‍വീസുകളേയും സമരം ബാധിച്ചു. കര്‍ണാടകയിലെ പ്രതിഷേധം അക്രമത്തിലേക്കു വഴിമാറിയതോടെ തമിഴ്‌നാട്ടില്‍ ചില സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. കര്‍ണാടക കമ്പനിയുടെ ഉടമസ്ഥതയില്‍ ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ദി ന്യൂ വുഡ്‌ലാന്‍ഡ് ഹോട്ടലിനുനേരേ ഒരുസംഘം അക്രമികള്‍ പെട്രോള്‍ബോംബ് എറിഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് പത്തു പേരെ പോലീസ് പിടികൂടി. കര്‍ണാടകയില്‍ നിന്നുള്ള പത്തു ബസുകള്‍ രാമേശ്വരത്ത് ആക്രമിക്കപ്പെട്ടു.

പുതുച്ചേരിയില്‍ കര്‍ണാടക ഉടമസ്ഥതയിലുള്ള ബാങ്കിനു നേരേയായിരുന്നു ആക്രമണം. സംഭവത്തില്‍ 25 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പുതുച്ചേരിയിലുള്ള കര്‍ണാടക ബാങ്കുകള്‍ക്കു സംരക്ഷണം ശക്തമാക്കുകയും ചെയ്തു.


Views: 1415
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024