കൊച്ചി: ഐ.എ.എസ് പ്രൊബേഷണര്‍മാരുടെ ജില്ലാ പരിശീലനത്തില്‍ ഡോ. രേണു രാജിന് ദേശീയതലത്തില്‍ ഒന്നാം റാങ്ക്. എറണാകുളത്താണ് ഡോ. രേണു രാജ് അസിസ്റ്റന്റ് കളക്ടര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. എം.ജി. രാജമാണിക്യം, മുഹമ്മദ് വൈ സഫിറുള്ള എന്നീ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു പരിശീലനം. 200ല്‍ 187.99 സ്‌കോര്‍ നേടിയാണ് രേണു രാജിന്റെ നേട്ടം. കര്‍ണാടക കേഡറിലെ ഫൗസിയ തരാന്നം 179.94 സ്‌കോറോടെ രണ്ടാമതെത്തി. 179.19 നേടിയ ഉത്തര്‍പ്രദേശ് കേഡറിലെ നിധി ഗുപ്തയ്ക്കാണ് മൂന്നാം സ്ഥാനം. ഇന്നലെ മൂസൂറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ നടന്ന ചടങ്ങില്‍ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി എസ്. രാമസ്വാമിയില്‍ നിന്നും ഡോ. രേണു രാജ് അവാര്‍ഡ് ഏറ്റുവാങ്ങി.
പരിശീലനം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരില്‍ അസിസ്റ്റന്റ് സെക്രട്ടറിയായി ഡോ. രേണു രാജിന് നിയമനം ലഭിച്ചിട്ടുണ്ട്. കേന്ദ്ര ഗോത്രവര്‍ഗകാര്യ മന്ത്രാലയത്തിലാണ് നിയമനം. തിങ്കളാഴ്ച്ച ചുമതലയേല്‍ക്കും. എം.ബി.ബി.എസ് ബിരുദധാരിയായ ഡോ. രേണുരാജ് 2015ല്‍ രണ്ടാം റാങ്കോടെയാണ് സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചത്. കോട്ടയം ജില്ലയില്‍ ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിന് സമീപം ശ്രീശൈലത്തില്‍ എം.കെ. രാജകുമാരന്‍ നായരുടെയും വി.എന്‍. ലതയുടെയും മകളാണ്. ഡോ.എല്‍.എസ്. ഭഗതാണ് ഭര്‍ത്താവ്.