രാമേശ്വരം:മുന്‍ രാഷ്ട്രപതിയും വിഖ്യാത ശാസ്ത്രജ്ഞനുമായ ഡോ. എ. പി. ജെ. അബ്ദുല്‍ കലാമിന് രാജ്യം ഇന്നു വിടനല്‍കും. ഇന്നു രാവിലെ 11നു പൂര്‍ണ സൈനിക ബഹുമതികളോടെ മധുര – രാമേശ്വരം പാതയിലെ അരിയാന്‍ഗുണ്ടില്‍ കബറടക്കം നടക്കും. സര്‍ക്കാര്‍ വിട്ടുനല്‍കിയ ഈ ഒന്നരയേക്കര്‍ സ്ഥലം ഇനി അബ്ദുല്‍ കലാം സ്മാരകമാകും.
മധുരയില്‍നിന്നു പ്രത്യേക ഹെലികോപ്റ്ററില്‍ കൊണ്ടുവന്ന ഭൗതികശരീരം ഉച്ചയ്ക്കു രണ്ടരയോടെ പൊതുദര്‍ശനത്തിനു വച്ചു.
ശേഷം രാത്രി വൈകി ഭൗതികശരീരം മോസ്ക് സ്ട്രീറ്റിലെ കലാമിന്റെ ജന്മഗൃഹത്തിലേക്കു മാറ്റി. മതപരമായ ചടങ്ങുകള്‍ക്കുശേഷം മൃതദേഹം ഇന്നു രാവിലെ കബറടക്കം നടക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകും. ഇന്നു തമിഴ്നാട്ടില്‍ പൊതു അവധിയാണ്. കബറടക്കത്തിനുശേഷം മാത്രമേ വ്യാപാരസ്ഥാപനങ്ങളും തുറക്കൂ.