ബ്യുണസ് ഐറസ്:രാജ്യത്തിനു വേണ്ടി ഇനി ബൂട്ടണിയാൻ ഇല്ലെന്ന് രണ്ടു ദിവസം മുമ്പ് പ്രഖ്യാപിച്ച സൂപ്പർ താരം ലയണൽ മെസിയുടെ ശില്പം രാജ്യ തലസ്ഥാനമായ ബ്യുണസ് ഐറസിൽ സ്ഥാപിച്ചു. മെസ്സി ഇടതുകാലിൽ ബോൾ തട്ടി മുന്നേറുന്ന വെങ്കലത്തിൽ തീർത്ത പ്രതിമ മേയർ ഹൊറാസിയോ ലറേറ്റ അനാച്ഛാദനം ചെയ്തു. മെസി തന്റെ വിരമിക്കൽ തീരുമാനം പുനഃപരിശോധിക്കുമെന്നും 2018 റഷ്യൻ ലോകകപ്പിൽ രാജ്യത്തിനെ നയിക്കുമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ വിശ്വാസം പ്രകടിപ്പിച്ചു.
ഞായറാഴ്ച നടന്ന ശതാബ്ദി കോപ്പ അമേരിക്ക മത്സരത്തിൽ പെനാൽറ്റി പാഴാക്കി ചിലി കിരീടം ഉയർത്തിയ മനോവിഷമത്തിലാണ് രാജ്യാന്തര ഫുട്ബോളിൽ നിന്നു മെസി വിരമിക്കൽ പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായ മെസിയുടെ വാക്കുകൾ ലോക ഫുട്ബോൾ പ്രേമികളെ അക്ഷരാർത്ഥത്തിൽ സങ്കടക്കടലിൽ ആഴ്ത്തിയിരിക്കുകയാണ്. എല്ലവരും ഇന്ന് ഒരേസ്വരത്തിൽ മെസിയോട് ആവശ്യപ്പെടുകയാണ് തീരുമാനം പിൻവലിക്കാൻ. മെസി തിരിച്ചു വരും എന്നു തന്നെ എല്ലാവരും പ്രതീക്ഷിക്കുന്നു.