ചന്ദേല്‍: മണിപ്പുരിലെ ചന്ദേല്‍ ജില്ലയില്‍ ശനിയാഴ്ച കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 20 പേര്‍ മരിച്ചു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ ജുമോല്‍ ഗ്രാമത്തിലാണ് കനത്ത നാശമുണ്ടായത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായാല്‍ മാത്രമേ യഥാര്‍ഥസ്ഥിതി അറിയാന്‍ കഴിയൂ എന്നുമാണ് അധികൃതരുടെ വിശദീകരണം.
കുറച്ചുദിവസങ്ങളായി മണിപ്പുരില്‍ കനത്തമഴ തുടരുകയാണ്. നദികളെല്ലാം
കരകവിഞ്ഞൊഴുകുകയാണ്. ദേശീയപാതകള്‍ ഉള്‍പ്പെടെയുള്ള റോഡുകളും
പാലങ്ങളുമൊക്കെ വെള്ളത്തിനടിയിലാണ്. ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായി.
തലസ്ഥാനമായ ഇംഫാലിലെ താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ജനങ്ങള്‍
ദുരിതാശ്വാസകേന്ദ്രങ്ങളില്‍ അഭയംതേടി.
കേന്ദ്രസര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ദുരന്ത നിവാരണേസനയെ ഇവിടേക്ക് അയച്ചിട്ടുണ്ട്. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു തിങ്കളാഴ്ച സംഭവസ്ഥലം സന്ദര്‍ശിക്കും.
പശ്ചിമ ബംഗാളിലും ഒഡീഷയിലും കനത്ത മഴ നാശം വിതച്ചു.ബംഗാളില്‍ കനത്ത മഴയെത്തുടര്‍ന്ന് 39 പേര്‍ മരിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി പേര്‍ക്ക് വീട് നഷ്ടമായി. 33,000-ത്തോളം പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
700 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് തുറന്നിട്ടുള്ളത്. രണ്ടുലക്ഷം ഹെക്ടര്‍ പ്രദേശം വെള്ളത്തിനടിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേഖലയില്‍ അഞ്ചുലക്ഷം കുടിവെള്ള പായ്ക്കറ്റുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു