തിരുവനന്തപുരം: ആദ്യ നവോത്ഥാന ആചാര്യന്‍ ആദി ശങ്കരന്റെ പൂര്‍ണ്ണകായ ശിലാവിഗ്രഹ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി നടന്ന ഘോഷയാത്ര ഡിസംബര്‍ 18 ചൊവ്വാഴ്ച തലസ്ഥാന നഗരിയില്‍ എത്തിച്ചേര്‍ന്നു. മുപ്പത്തിരണ്ട് വര്‍ഷത്തെ ജീവിത പന്ഥാവില്‍ 24 വര്‍ഷം സന്ന്യാസ ജീവിതം നയിച്ച ശ്രീശങ്കരാചാര്യരുടെ പൂര്‍ണ്ണകായ ശിലാവിഗ്രഹം തൃശ്ശൂര്‍ തെക്കെ സ്വാമിയാര്‍ മഠത്തിലാണ് പ്രതിഷ്ഠ നടത്തുന്നത്. കന്യാകുമാരിയില്‍ നിന്ന് തിങ്കളാഴ്ച ആരംഭിച്ച ശിലാവിഗ്രഹ ഘോഷയാത്രയ്ക്ക് തിരുവനന്തപുരത്ത് പൗരാവലിയുടെ നേതൃത്വത്തില്‍ വന്‍ വരവേല്‍പ്പും സ്വീകരണവും നല്‍കി. ശ്രീശങ്കന്‍ നര്‍മ്മദാ തീരത്ത് 13 ന്യൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പ്രതിഷ്ഠ നടത്തിയ വിഗ്രഹത്തിന്റെ പകര്‍പ്പാണ് ശിലാവിഗ്രഹത്തില്‍ ശില്‍പ്പി ആലേഖനം ചെയ്തിരിക്കുന്നത്.
7 ന് 4 മണിക്ക് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച വിഗ്രഹ ഘോഷയാത്രയ്ക്ക് 18 രാവിലെ 10 മണിക്ക് ജില്ലാ അതിര്‍ത്തിയായ പാറശ്ശാലയില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് വൈകുന്നേരം 4 മണിക്ക് കിഴക്കേകോട്ടയില്‍ പൗരാവലിയുടെ വരവേല്‍പ്പും സ്വീകരണവും നല്‍കി.
മുഞ്ചിറമഠം പുഷ്പാഞ്ജലി സ്വാമിമാര്‍ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥയും, അദ്ധ്യാത്മിക ആചാര്യന്മാരുമാണ് ഘോഷയാത്ര നയിക്കുന്നത്. മുഞ്ചിറമഠവും, ഗണേശോത്സവ ട്രസ്റ്റുമാണ് ഘോഷയാത്രയ്ക്ക് നേതൃത്ത്വം നല്‍കുന്നത്. തലസ്ഥാനത്തെ സ്വീകരണത്തിനുശേഷം വിഗ്രഹം കൊല്ലത്തേയ്ക്കും തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി കാലടിയിലെത്തി പ്രത്യേക പൂജാ അഭിഷേക ചടങ്ങുകള്‍ക്ക് ശേഷം തൃശ്ശൂര്‍ തെക്കെ സ്വാമിയാര്‍ മഠത്തില്‍ എത്തിക്കും. 21 വെള്ളിയാഴച പ്രതിഷ്ഠാ ചടങ്ങുകള്‍ തെക്കേ സ്വാമിയാര്‍ മഠത്തില്‍ വച്ചാണ് നടക്കുക. പ്രതിഷ്ഠ അനാച്ഛാദനം കേരള ഗവര്‍ണര്‍ ജസ്റ്റിസ് ശ്രീ. സദാശിവം നിര്‍വ്വഹിക്കുന്നു.