ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ചു തെറ്റിദ്ധാരണ പരത്തുന്ന സന്ദേശം വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഗുഡിയാത്തം പുതുപ്പേട്ടയിലെ ക്ലിനിക്കല്‍ ലബോറട്ടറി ഉടമസ്ഥനായ കുമരന്‍ (37) ആണ് അറസ്റ്റിലായത്.അണ്ണാ ഡിഎംകെ പ്രാദേശിക നേതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മുഖ്യമന്ത്രിയെ ഗുരുതരനിലയില്‍ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന സന്ദേശമാണു കുമരന്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചതെന്നു പരാതിയില്‍ പറയുന്നു.
കടുത്ത പ്രമേഹം മൂലം മുഖ്യമന്ത്രിയുടെ രണ്ടു കാല്‍ വിരലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തുവെന്നും സന്ദേശത്തിലുണ്ടത്രെ. വൃക്കകള്‍ പ്രവര്‍ത്തന രഹിതമാണ്. ആരോഗ്യനില ഗുരുതരമായതിനാല്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ മടിക്കുന്നു തുടങ്ങിയ പരാമര്‍ശങ്ങളും വാട്‌സ്ആപ് സന്ദേശത്തില്‍ ഉള്ളതായും പരാതിയില്‍ പറയുന്നു.
കാട്പാടി മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാക്കിയ കുമരനെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.