തിരുവനന്തപുരം:പരിയാരം സഹകരണ മെഡിക്കല്‍ കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ആസ്തിബാധ്യതകളും ഓഡിറ്റിലും, ജില്ലാകളക്ടറുടെ റിപ്പോര്‍ട്ടിലും, ചൂണ്ടിക്കാണിച്ച സാമ്പത്തികമായ ക്രമക്കേടുകളും സംബന്ധിച്ച് ധനകാര്യ ഇന്‍സ്‌പെക്ഷന്‍ വിംഗിന്റെ ഒരു സ്‌പെഷ്യല്‍ ടീമിനെകൊണ്ട് അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്റ്റാഫ് പാറ്റേണ്‍ പ്രകാരം പരിയാരം മെഡിക്കല്‍ കോളേജിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ അംഗസംഖ്യ പരിശോധിച്ച് അധിക ജീവനക്കാരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യമെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും. ഏതെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റില്‍ അധിക ജീവനക്കാരുണ്ടെങ്കില്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു. ഇതോടൊപ്പം സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെ നടത്തിയ നിയമനങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സഹകരണ വകുപ്പ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി. റിപ്പോര്‍ട്ടുകള്‍ ഒരുമാസത്തിനുള്ളില്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ വി.എസ്.ശിവകുമാര്‍, കെ.സി.ജോസഫ്, കെ.പി.മോഹനന്‍ എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളേജ് കമ്മിറ്റി പ്രസിഡന്റായ എം.വി.ജയരാജന്‍, എക്‌സ്. എം.എല്‍.എ. യുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തി. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ വിയോജിപ്പില്ലെങ്കിലും ജീവനക്കാരില്‍ ചിലരെയെങ്കിലും പിരിച്ചുവിടുന്നതിനോട് യോജിക്കുവാന്‍ കഴിയില്ലെന്ന് എം.വി. ജയരാജന്‍ മന്ത്രിമാരെ അറിയിച്ചു. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.